ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ചൊവ്വാഴ്ച വിധി പറയും. ജഡ്ജിമാരായ വിക്രംജിത് സെന്‍, ശിവ കീര്‍ത്തി സിങ് എന്നിവരുടെ ബെഞ്ചാണ് വിധി പറയുക. പഞ്ചനക്ഷത്ര ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ച സര്‍ക്കാരിന്റെ നിലപാടില്‍ വിവേചനമുണ്ടെന്ന് ബാര്‍ ഉടമകള്‍ ആരോപിച്ചിരുന്നു.
സമ്പന്നര്‍ക്ക് മാത്രം മദ്യം ലഭ്യമാകുന്ന അവസ്ഥ ഇതുമൂലം ഉണ്ടെന്നും ഭരണഘടനയുടെ 14ാം വകുപ്പ് ഉറപ്പുനല്‍കുന്ന തുല്യതയുടെ ലംഘനമാണ് സര്‍ക്കാര്‍ നിലപാടെന്നും ബാര്‍ ഉടമകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തെ മദ്യ വിമുക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബാറുകള്‍ പൂട്ടിയതെന്നാണ് സര്‍ക്കാരിന്റെ വാദം. കപില്‍ സിബലാണ് സര്‍ക്കാരിന് വേണ്ടി ഹാജരായിരുന്നത്.
ജസ്റ്റിസ് വിക്രംജിത്ത് സെന്‍ 30ന് വിരമിക്കാനിരിക്കെയാണ് കോടതിയുടെ അവധിക്കാല ബെഞ്ച് സുപ്രധാനമായ വിധി പറയുക. ബാര്‍ നിരോധനത്തിന്റെ ഫലമായി 700ഓളം ബാറുകളാണ് സംസ്ഥാനത്ത് പൂട്ടിയത്.