| Monday, 25th July 2016, 10:02 am

സമരത്തിന് ആഹ്വാനം ചെയ്തതിന് തമിഴ്‌നാട്ടിലെ 126 അഭിഭാഷകര്‍ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ:  തമിഴ്‌നാട്ടിലെ 126 അഭിഭാഷകരെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സസ്‌പെന്റ് ചെയ്തു. കോടതികളിലോ ട്രൈബ്യൂണലിലോ ഹാജരാവുന്നതില്‍ നിന്നും ഇവരെ വിലക്കിയിട്ടുണ്ട്.

കോടതി നടപടികള്‍ ഉപരോധിക്കുകയോ അതുപോലുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരുകയോ അതിനായി ആഹ്വാനം ചെയ്യുകയോ ചെയ്യുന്നവരെ സസ്‌പെന്റ് ചെയ്യുമെന്ന് ബാര്‍ കൗണ്‍സില്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ മുന്നറിയിപ്പ് അവഗണിച്ചതിനെ തുടര്‍ന്നാണ് നടപടി.

ജൂലൈ 25ന് മദ്രാസ് ഹൈക്കോടതിയിലും മധു ഹൈക്കോടതിയിലും മറ്റു കീഴ്‌ക്കോടതികളിലും കുത്തിയിരിപ്പ് സമരം നടത്തുമെന്ന് അഭിഭാഷക സംഘടനകളുടെ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്തിരുന്നു. അഭിഭാഷക നിയമത്തില്‍ അടുത്തിടെ വരുത്തിയ ഭേദഗതികള്‍ക്കെതിരെയായിരുന്നു സമരം പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്നാണ് ബി.സി.ഐ അച്ചടക്ക നടപടി സ്വീകരിച്ചത്.

ജഡ്ജിമാരെപ്പോലും കോടതി പരിസരത്തേക്ക് കടക്കാന്‍ തങ്ങല്‍ അനുവദിക്കില്ലെന്ന് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി പറഞ്ഞിരുന്നു.

സസ്‌പെന്‍ഷനിലായവരില്‍ ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ ചീഫ് കോഡിനേറ്റര്‍ പി. തിരുമലൈരാജന്‍, ബാര്‍ കൗണ്‍സില്‍ ഓഫ് തമിഴ്‌നാട് മുന് അംഗം എം. വേല്‍മുരുകന്‍, മദ്രാസ് ഹൈക്കോടതി അസോസിയേഷന്‍ സെക്രട്ടറി അറിവഴകന്‍ തുടങ്ങിയവരും ഉള്‍പ്പെടുന്നു.

“ഇഴരെ ഒരു കോടതിയിലും ഫോറത്തിലും പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കില്ല. ഇവരെ ഒരു തരത്തിലും അഭിഭാഷകരായി പരിഗണിക്കില്ല. ഈ അഭിഭാഷകര്‍ക്കെതിരെ കൂടുതല്‍ അച്ചടക്ക നടപടികളുമായി മുന്നോട്ടുപോകും.” ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

തമിഴ്‌നാട്ടിലെ അഭിഭാഷകരെ വഴിതെറ്റിക്കുകയാണ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയെന്ന് ബി.സി.ഐ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര ആരോപിച്ചു.

We use cookies to give you the best possible experience. Learn more