| Thursday, 27th June 2024, 1:25 pm

പുതിയ ക്രിമിനല്‍ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കരുത്; ബാര്‍ അസോസിയേഷനുകളോട് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുതിയ ക്രിമിനല്‍ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കരുതെന്ന് ബാര്‍ അസോസിയേഷനുകളോട് ആവശ്യപ്പെട്ട് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കരുതെന്നാണ് നിര്‍ദേശം.

പുതിയ നിയമങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് നിരവധി ബാര്‍ അസോസിയേഷനുകള്‍ അറിയിച്ചതായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പറഞ്ഞു. ഈ സാഹചര്യത്തിലാണ് അസോസിയേഷനുകള്‍ക്ക് നിര്‍ദേശവുമായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രംഗത്തെത്തിയത്. നിയമത്തെ കുറിച്ചുള്ള അഭിഭാഷകരുടെ ആശങ്കങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.

എന്നാല്‍ മൂന്ന് ക്രിമിനല്‍ നിയമങ്ങളും ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് പശ്ചിമ ബംഗാളിലെ ബാര്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് ജൂലൈ ഒന്ന് കറുത്ത ദിനമായി ആചരിക്കുമെന്നും കൗണ്‍സില്‍ പ്രഖ്യാപിച്ചു. പ്രതിഷേധ റാലികളില്‍ പങ്കെടുക്കുന്നതിനായി ബംഗാളിലെയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെയും അഭിഭാഷകര്‍ ജൂലൈ ഒന്നിന് എല്ലാ ജുഡീഷ്യല്‍ സേവനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് സംസ്ഥാന ബാര്‍ കൗണ്‍സില്‍ അംഗങ്ങളും അറിയിച്ചു.

ഭാരതീയ ന്യായ സംഹിത, ഭാരതീയ സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നിവയാണ് പുതിയ ക്രിമിനല്‍ നിയമങ്ങള്‍. 1860ല്‍ അവതരിപ്പിക്കപ്പെട്ട ഇന്ത്യന്‍ പീനല്‍ കോഡ്, 1898ലെ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ്, 1872ലെ ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്ക് പകരമായാണ് ഈ നിയമങ്ങള്‍.

2023 ഓഗസ്റ്റിലായിരുന്നു ആദ്യമായി ഈ ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിച്ചത്. ഡിസംബറില്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള ബില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ പാസാക്കുകയും അതില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പുവെക്കുകയും ചെയ്തു.

Content Highlight: Bar Council of India asks bar associations not to protest against new criminal laws

We use cookies to give you the best possible experience. Learn more