കൊച്ചി: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കെതിരെ ബാര്‍ കൗണ്‍സില്‍ നിയമ നടപടിയ്ക്ക് തയ്യാറെടുക്കുന്നു. ഹൈക്കോടതി ജഡ്ജിക്കെതിരായി ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ് ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചത്.
ജഡ്ജിനെതിരായുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മഹിജയോട് വിശദീകരണം തേടുമെന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചു. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കൗണ്‍സിലിന്റെ തീരുമാനം.
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പൊലീസിനെതിരെ രൂക്ഷമായി വിമര്‍ശനവുമായി രംഗത്തെത്തിയ മഹിജ ഹൈക്കോടതി ജഡ്ജി എബ്രഹാം മാത്യുവിന് നെഹ്‌റു ഗ്രൂപ്പുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉന്നയിക്കുകയായിരുന്നു.
നെഹ്‌റൂ ഗ്രൂപ്പ് നടത്തിയ പരിപാടിയില്‍ പങ്കെടുക്കുന്ന, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന, ചിത്രം സഹിതം മഹിജ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബാര്‍ കൗണ്‍സില്‍ മഹിജയ്‌ക്കെതിരെ രംഗത്തെത്തിയത്.
ജഡ്ജിയ്‌ക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും ക്ലാസ് എടുക്കാനാണ് ജസ്റ്റിസ് കോളേജില്‍ പോയതെന്നും ബാര്‍ കൗണ്‍സില്‍ പറയുന്നു.
അതേസമയം, കൃഷ്ണദാസിന്റെ ജാമ്യത്തില്‍ വിധി പറയുന്നത് കോടതി മാറ്റി. വികാരത്തിന്റെ പുറത്ത് വിധി പറയാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ക്ലാസില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത കൃഷ്ണദാസ് എങ്ങനെ തെളിവുകള്‍ നശിപ്പിക്കുമെന്നു കോടതി ചോദിച്ചു.
കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമെന്തെന്നും കോടതി ആരാഞ്ഞു. കേസ് ഡയറിയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചും കോടതി വിമര്‍ശനം. പുതിയ തെളിവുകള്‍ ചേര്‍ത്തതിന് ശേഷം പൊലീസ് എന്തു ചെയ്‌തെന്നും ഹൈക്കോടതി.