ന്യൂദല്‍ഹി: ജസ്റ്റിസ് കെ. എം ജോസഫിനെ സുപ്രീംകോടതിയിലേക്ക് തെരഞ്ഞെടുക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച ജസ്റ്റിസ് ചെലമേശ്വറിനെതിരെ ബാര്‍ കൗണ്‍സില്‍. പദവിയ്ക്ക് നിരക്കാത്ത പ്രസ്താവനകളാണ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ കഴിഞ്ഞ ദിവസം നടത്തിയതെന്ന് ബാര്‍ കൗണ്‍സില്‍ പ്രതികരിച്ചു.
ബാര്‍ കൗണ്‍സിലിനുവേണ്ടി ചെയര്‍മാന്‍ മനന്‍കുമാര്‍ മിശ്ര പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ചെലമേശ്വറിന്റെ നടപടിയെ വിമര്‍ശിക്കുന്നത്. ചെലമേശ്വറിനെപ്പോലെ ഉയര്‍ന്ന പദവിയിലിരുന്നയാള്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് മാധ്യമങ്ങളോട് പറഞ്ഞതെന്ന് മനന്‍കുമാര്‍ മിശ്ര പറഞ്ഞു.
” ഇത്തരം പ്രസ്താവനകള്‍ അംഗീകരിക്കാനാകില്ല. അഭിഭാഷകര്‍ക്ക് യോജിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്.” -മനന്‍കുമാര്‍ മിശ്ര പറഞ്ഞു.
ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത അപകടാവസ്ഥയിലാണെന്നായിരുന്നു ജസ്റ്റിസ് ചെലമേശ്വറിന്റെ പ്രസ്താവന. ഉന്നത ജുഡീഷ്യറിയില്‍ അഴിമതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വതന്ത്ര ജുഡീഷ്യറിയില്ലെങ്കില്‍ ജനാധിപത്യത്തിന് പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നും അത്തരത്തില്‍ ഒരു ഭീഷണിയുണ്ടെന്ന് ഇപ്പോഴും എനിക്ക് തോന്നുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സുപ്രീം കോടതിയിലെ ബന്ധു നിയമനങ്ങള്‍ അഴിമതിക്ക് ആക്കം കൂട്ടുന്നുണ്ട്. ബെഞ്ചിലെ ബന്ധുബലംകൊണ്ട് അഭിഭാഷകര്‍ക്കു താല്‍ക്കാലിക വിജയമുണ്ടാകാമെങ്കിലും ഏറെക്കാലം മുന്നോട്ടുപോകാനാവില്ല. ജഡ്ജിമാരുടെ മക്കളുടെ കാര്യത്തിലടക്കം ഇത് തന്നെയാണ് കാണുന്നത്. ചില മുന്‍ ചീഫ് ജസ്റ്റിസുമാരുടെ മക്കളായ അഭിഭാഷകരുടെ ആദായനികുതി റിട്ടേണ്‍ പരിശോധിച്ചാല്‍ പലതും മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതിയില്‍ ജഡ്ജിയാക്കണമെന്നു വാദിച്ചതു വ്യക്തിബന്ധത്തിന്റെ പേരിലല്ലെന്നും അദ്ദേഹത്തപ്പോലെ കഴിവുള്ളവര്‍ വരുന്നതു നീതിന്യായ വ്യവസ്ഥയെ ബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കെ.എം ജോസഫിനെ എതിര്‍ക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നിരത്തിയ വാദങ്ങള്‍ അംഗീകരിക്കാന്‍ പറ്റാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.