| Saturday, 31st March 2018, 5:38 pm

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ്; പ്രമേയത്തില്‍ ഒപ്പിട്ട അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സിലിന്റെ വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തില്‍ ഒപ്പിട്ട എം.പിമാരായ അഭിഭാഷകര്‍ ഇനി സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യേണ്ടെന്ന് ബാര്‍ കൗണ്‍സില്‍. ഇന്ന് നടന്ന ജനറല്‍ബോഡി യോഗത്തിന് ശേഷം വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് ബി.സി.ഐ ഇക്കാര്യം വ്യക്തമാക്കിയത്.

എംപി മാര്‍ക്ക് ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കും. വിലക്ക് മറികടന്നാല്‍ അവരുടെ പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്‍സ് റദ്ദാക്കുന്ന നടപടിയിലേക്ക് നീങ്ങേണ്ടി വരുമെന്നും ബാര്‍ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.


Also Read:  ‘കറുത്തവനായത് കൊണ്ടല്ല ചൂഷണം ചെയ്യപ്പെട്ടതെന്ന് മനസിലാക്കുന്നു’; നിര്‍മ്മാതാക്കള്‍ വാക്കു പാലിച്ചില്ലെന്ന ആരോപണത്തില്‍ വിശദീകരണവുമായി സാമുവല്‍ റോബിന്‍സന്‍


എം.പിമാരായ കപില്‍ സിബല്‍, മനു അഭിഷേക് സിംഗ്‌വി, വിവേക് തന്‍ഖ തുടങ്ങിയവരാണ് ഇംപീച്ച്മെന്റ് പ്രമേയത്തില്‍ ഒപ്പിട്ട പ്രധാന അഭിഭാഷകര്‍. ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരുടെ നേതൃത്വത്തിലാണ് ഇംപീച്ച്മെന്റിനുള്ള നീക്കം നടക്കുന്നത്.

കോണ്‍ഗ്രസിനു പുറമേ തൃണമുല്‍ കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, എസ്.പി, എന്‍.സി.പി. എന്നീ കക്ഷികളും ഇംപീച്ച്‌മെന്റ് പ്രമേയത്തെ പിന്തുണച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാന്‍ തിങ്കളാഴ്ച്ച നോട്ടീസ് നല്‍കും.


Also Read:  രാജിവെക്കേണ്ട സാഹചര്യമില്ല… പക്ഷെ ഒഴിയും; ‘അമ്മ’ അധ്യക്ഷ പദവി ഒഴിയുകയാണെന്ന് ഇന്നസെന്റ്


മുതിര്‍ന്ന ജഡ്ജിമാര്‍ ദീപക് മിശ്രക്കെതിരെ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് പ്രതിപക്ഷനീക്കം. ചീഫ് ജസ്റ്റിസിനെതിരേ കൊണ്ടുവരുന്ന ഇംപീച്ച്മെന്റ് പ്രമേയം പരിഗണിക്കാന്‍ 50 എം.പി. മാര്‍ ഒപ്പിട്ട നോട്ടീസാണ് നല്‍കേണ്ടത്. കോണ്‍ഗ്രസ് എം.പിമാര്‍ ഉള്‍പ്പെടെ പ്രതിപക്ഷത്തുനിന്ന് ആവശ്യത്തിലേറെ എം.പി.മാര്‍ ഒപ്പിട്ടു കഴിഞ്ഞു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ കഴിഞ്ഞ ജനുവരിയിലാണ് 4 മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യമായി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. സുപ്രീംകോടതി കൊളീജിയത്തില്‍ അംഗങ്ങളായ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ ദീപക് മിശ്രയ്‌ക്കെതിരെ പരസ്യമായി പ്രതിഷേധിച്ചതിനെ തുടര്‍ന്നു ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലുണ്ടായ പ്രതിസന്ധിക്ക് ഇതുവരെ പരിഹാരമായിട്ടില്ല.

ആരോപണങ്ങളെ അഭിമുഖീകരിക്കുന്നതില്‍ ചീഫ് ജസ്റ്റിസ് പരാജയപ്പെട്ടെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിലയിരുത്തല്‍.

Watch This Video:

We use cookies to give you the best possible experience. Learn more