| Friday, 22nd July 2016, 5:10 pm

ബാര്‍ ലൈസന്‍സ്; കെ. ബാബു ക്രമക്കേട് നടത്തിയെന്ന് വിജിലന്‍സിന്റെ ത്വരിത പരിശോധനാ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബാര്‍-ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബു ക്രമക്കേട് നടത്തിയെന്ന് വിജിലന്‍സിന്റെ ത്വരിത പരിശോധനാ റിപ്പോര്‍ട്ട്. ബിയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ അനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ ബാബു വഴിവിട്ട ഇടപെടല്‍ നടത്തി. ചില ബാറുകള്‍ക്ക് അപേക്ഷ കിട്ടിയപ്പോള്‍ തന്നെ ലൈസന്‍സ് അനുവദിച്ചു. പലര്‍ക്കും ബിയര്‍ പാര്‍ലറുകള്‍ അനുവദിച്ചപ്പോള്‍ ചില അപേക്ഷകള്‍ പിടിച്ചുവെച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ ബാബു നല്‍കിയ വിശദീകരണം വിജിലന്‍സ് തള്ളി. കൃത്യമായ മറുപടിയല്ല ബാബുവിന്റേതെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വഴിവിട്ട സഹായങ്ങള്‍ നല്‍കി. ബാറുകള്‍ പൂട്ടിയതും ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ അനുവദിച്ചതും ദുരുദ്ദേശത്തോടെയാണ്. കാരണമില്ലാതെയാണ് അപേക്ഷകള്‍ പിടിച്ചുവെച്ചതെന്നും ബിയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ നല്‍കുന്നതില്‍ കെ. ബാബു നേരിട്ട് ഇടപെട്ടെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി ജേക്കബ് തോമസിന്റെ നിര്‍ദേശ പ്രകാരമാണ് ബാബുവിനെതിരെ വീണ്ടും അന്വേഷണം നടത്തിയത്. ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതില്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ബാര്‍ ഹോട്ടല്‍ ഉടമകള്‍ നല്‍കിയ പരാതിയിലാണ് ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് ഉത്തരവിട്ടത്.

എക്‌സൈസിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുകയും ബാര്‍ ഹോട്ടലുകള്‍ക്കായി ക്രമക്കേടുകള്‍ നടത്തുകയും ചെയ്തതിനാല്‍ ബാബു മന്ത്രിയായിരുന്ന അഞ്ചുവര്‍ഷത്തെ എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്നാണ് ബാര്‍ ഹോട്ടല്‍ ഇന്‍ഡ്രസ്ട്രിയല്‍ അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എക്‌സൈസ് കമ്മീഷണറില്‍ നിന്നും ബാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്ന നടപടിക്രമങ്ങള്‍ മന്ത്രി തലത്തിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് വ്യാപകമായ അഴിമതികള്‍ അരങ്ങേറിയതെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.

നിലവില്‍ കെ. ബാബുവിനെതിരായ കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. വിജിലന്‍സ് എറണാകുളം റേഞ്ചാണ് ഇപ്പോള്‍ അന്വേഷണം നടത്തിയത്. നേരത്തെ ബിജു രമേശില്‍ നിന്ന് ബാബു 50 ലക്ഷം കോഴ വാങ്ങിയെന്ന ആരോപണത്തിന് തെളിവില്ലെന്ന് കാണിച്ച് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് മേധാവിയായിരുന്ന ശങ്കര്‍ റെഡ്ഡി ത്വരിത പരിശോധന റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more