| Saturday, 27th August 2016, 10:16 am

ബാര്‍ കോഴക്കേസ് അട്ടിമറിച്ചത് വിജിലന്‍സ് മുന്‍ ഡയറക്ടര്‍: വെളിപ്പെടുത്തലുമായി എസ്.പി സുകേശന്‍ കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അട്ടിമറിച്ചത് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയെന്ന് എസ്.പി സുകേശന്‍. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അദ്ദേഹം ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്.

കേസ് ഡയറിയില്‍ മാണിക്ക് അനുകൂലമായി ചില മാറ്റങ്ങള്‍ വരുത്താന്‍ ശങ്കര്‍ റെഡ്ഡി തന്നെ നിര്‍ബന്ധിച്ചു. ബാര്‍ കേസില്‍ മാണിക്കെതിരെ കുറ്റപത്രം വേണമെന്ന വിജിലന്‍സിന്റെ രണ്ടാം വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ശങ്കര്‍ റെഡ്ഡി തള്ളിയെന്നും സുകേശന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു.

ബാര്‍ കോഴക്കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന വസ്തുതാന്വേഷണ റിപ്പോര്‍ട്ട് എസ്.പി സുകേശന്‍ ശങ്കര്‍ റെഡ്ഡിക്കു സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടു പരിശോധിച്ച ശങ്കര്‍ റെഡ്ഡി കേസ് ഡയറിയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിച്ചു.

ബാര്‍ ഉടമകളുടെ മൊഴിയുടെ ചില ഭാഗങ്ങളും ബിജു രമേശിന്റെ ശബ്ദരേഖയിലെ ഭാഗങ്ങളില്‍ ചിലതു തിരുത്താനുമാണ് ആവശ്യപ്പെട്ടത്. ശങ്കര്‍ റെഡ്ഡിയുടെ നിര്‍ബന്ധത്തിനു വഴങ്ങി കേസ് ഡയറിയില്‍ അത്തരം മാറ്റങ്ങള്‍ വരുത്തിയതായും സുകേശന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

മാറ്റങ്ങള്‍ വരുത്തിയത് ശങ്കര്‍ റെഡ്ഡിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണെന്ന് കേസ് ഡയറിയുടെ അവസാന ഭാഗത്ത് സുകേശന്‍ എഴുതി ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതുള്‍പ്പെടെ സമര്‍പ്പിച്ചാണ് സുകേശന്‍ ഹര്‍ജി നല്‍കിയത്.

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടാണ് സുകേശന്‍ ഹര്‍ജി നല്‍കിയത്.

പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ.എം മാണി കോഴവാങ്ങിയെന്ന വെളിപ്പെടുത്തലുമായി ബാര്‍ ഉടമ ബിജു രമേശ് രംഗത്തുവന്നതോടെയാണ് ബാര്‍ കോഴക്കേസിന്റെ തുടക്കം. ബിജു രമേശിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അന്നത്തെ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തല ധനമന്ത്രി കെ.എം മാണിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു.

We use cookies to give you the best possible experience. Learn more