തിരുവനന്തപുരം: ബാര്‍ക്കേഴക്കേസില്‍ തന്നെ പ്രതിചേര്‍ത്തത് രാഷ്ട്രീയ ഗൂഢാലോചനയെന്ന് ധനമന്ത്രി കെ.എം മാണി. അന്വേഷണം നടത്തിയാല്‍ നിജസ്ഥിതി ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
“തനിക്കെതിരെ ഇത്തരത്തിലുള്ള ആരോപണം ഉന്നയിച്ചത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. ഗൂഢാലോചന നടന്നിട്ടുണ്ട് എന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.” മാണി പറഞ്ഞു.
ബാര്‍ക്കോഴക്കേസില്‍ അന്വേഷണം നടത്തണം എന്നുള്ളത് തന്റെ കൂടി ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസിനെക്കുറിച്ച് പാര്‍ട്ടി അന്വേഷണം നടത്തുന്നുണ്ടെന്നും അന്വേഷണത്തില്‍ തനിക്കോ തന്റെ പാര്‍ട്ടിക്കോ ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ, അന്വേഷണത്തില്‍ സത്യം പുറത്ത് വരും. അത് തന്നെയാണ് എല്ലാവര്‍ക്കും വേണ്ടത്” മാണി പറഞ്ഞു.
ഗൂഢാലോചനയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
അതേസമയം, മാണിക്കെതിരെ കേസെടുത്ത വിജിലന്‍സിന്റെ തീരുമാനം സ്വാഹതാര്‍ഹമെന്ന് ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ് പറഞ്ഞു. അഴിമതി മാത്രമല്ല അധികാര ദുര്‍വിനിയോഗവും നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിജിലന്‍സ് മൊഴി രേഖപ്പെടുത്തിയപ്പോള്‍ കേസെടുക്കുമെന്ന് വിചാരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാണിക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം രാജിവയക്കണമെന്നും കെ.എം മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. മാണിയെ ന്യായികരിച്ചവരൊക്കെ എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു.
ബാര്‍ക്കോഴക്കേസില്‍ കെ.എം മാണിക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മാണിയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരുന്നത്. 50 ലക്ഷം രൂപ കോഴ വാങ്ങി എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്.