'2015നും 17നും ഇടയില്‍ ബി.ജെ.പി സര്‍ക്കാര്‍ ചെയ്തത് മറക്കരുത്'; നാഗാലാന്റില്‍ ബി.ജെ.പിയ്‌ക്കെതിരെ വിശ്വാസികള്‍ക്ക് ക്രൈസ്തവസഭയുടെ മുന്നറിയിപ്പ്
Nagaland Election
'2015നും 17നും ഇടയില്‍ ബി.ജെ.പി സര്‍ക്കാര്‍ ചെയ്തത് മറക്കരുത്'; നാഗാലാന്റില്‍ ബി.ജെ.പിയ്‌ക്കെതിരെ വിശ്വാസികള്‍ക്ക് ക്രൈസ്തവസഭയുടെ മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th February 2018, 10:59 am

 

ദിമാപൂര്‍: ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മേഘാലയയിലും നാഗാലാന്റിലും ബി.ജെ.പിയ്‌ക്കെതിരെ ക്രൈസ്തവ സഭ തുറന്ന പോരിന്. ക്രിസ്ത്യന്‍ തത്വവും വിശ്വാസവും ക്രിസ്തുവിന്റെ ഹൃദയത്തില്‍ കുത്താന്‍ ആഹ്വാനം ചെയ്തവരുടെ കൈകളില്‍ അടിയറവയ്ക്കരുത് എന്നു പറഞ്ഞാണ് സഭ രംഗത്തുവന്നത്.

എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും ഉള്‍പ്പെട്ട നാഗാലന്റ് നിവാസികള്‍ക്ക് എഴുതിയ തുറന്ന കത്തിലൂടെ നാഗാലന്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചസ് കൗണ്‍സിലാണ് ബി.ജെ.പിയ്‌ക്കെതിരെ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്. ആര്‍.എഎസ്.എസ് പിന്തുണയുള്ള ബി.ജെ.പി സര്‍ക്കാറില്‍ നിന്നാണ് ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് 2015-17 കാലയളവില്‍ ഏറ്റവും മോശമായ അടിച്ചമര്‍ത്തല്‍ നേരിട്ടതെന്നും കത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.

“ആര്‍.എസ്.എസിന്റെ രാഷ്ട്രീയ രൂപമായ ബി.ജെ.പി അധികാരത്തിലെത്തിയശേഷം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഹിന്ദുത്വ മൂവ്‌മെന്റ് രാജ്യത്ത് മുമ്പില്ലാത്തവിധം ശക്തിപ്പെടുകയും വളരുകയും ചെയ്യുന്നുണ്ട് എന്നത് നമുക്ക് നിഷേധിക്കാനാവില്ല.” കത്തില്‍ പറയുന്നു. “ഇന്ത്യയില്‍ നിന്നും നമ്മുടെ ഭൂമിയില്‍ നിന്നും ക്രിസ്ത്യാനിറ്റിയെ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടവര്‍ക്കു പിന്നാലെ നാഗ രാഷ്ട്രീയക്കാര്‍ പോയപ്പോള്‍ ദൈവം കരയുകയായിരിക്കും.” എന്നും കത്തില്‍ പറയുന്നു.

ആര്‍.എസ്.എസ് പിന്തുണയുള്ള ബി.ജെ.പി സര്‍ക്കാര്‍ ഇക്കാലത്ത് വലിയ ഭീഷണിയായതിനാലാണ് പരസമായി അവര്‍ക്കെതിരെ മുന്നോട്ടുവന്നതെന്ന് എന്‍.ബി.സി.സി ജനറല്‍ സെക്രട്ടറി റവ. സെല്‍ഹു കെയ്‌ഹോ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ബീഫ് നിരോധനം, ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം എന്നീ വിഷയങ്ങള്‍ നാഗാലന്റിലും മേഘാലയിലും ബി.ജെ.പിയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചിരുന്നു. പ്രത്യേകിച്ച് ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍. ഇക്കാരണം കൊണ്ടുതന്നെയാണ് പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടശേഷം തെരഞ്ഞെടുപ്പിലേക്ക് പോകാന്‍ ബി.ജെ.പി തയ്യാറായത്. നാഗാലന്റില്‍ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പീപ്പിള്‍സ് പാര്‍ട്ടിയുമായി ബി.ജെ.പി സഖ്യത്തിലെത്തിയിരുന്നു.