|

'ഷൂട്ട് കഴിഞ്ഞ് വരുന്ന ഇച്ഛാക്കയോട് ബാപ്പ ചോദിക്കുക ലാലിനെ കുറിച്ച്'; മോഹന്‍ലാലിനെ കുറിച്ചുള്ള ഓര്‍മ്മകളുമായി ഇബ്രാഹിം കുട്ടിയുടെ വ്‌ളോഗ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നടന്മാരായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സൗഹൃദത്തെ കുറിച്ച് നിരവധി പേര്‍ തുറന്നുപറയാറുണ്ട്. മമ്മൂട്ടിയുടെ സഹോദരന്മാരല്ലാതെ മറ്റൊരാള്‍ ഇച്ഛാക്ക എന്ന് വിളിക്കുന്നത് മോഹന്‍ലാല്‍ ആണെന്നും ഇത് തന്റെ സ്വന്തം സഹോദരര്‍ വിളിക്കുന്ന പോലെ തന്നെ അനുഭവപ്പെടാറുണ്ടെന്നും മമ്മൂട്ടി തന്നെ തുറന്നു പറഞ്ഞിരുന്നു.

ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് മമ്മൂട്ടിയുടെ സഹോദരനായ ഇബ്രാഹിം കുട്ടി. ‘ഇബ്രൂസ് ഡയറി ബൈ ഇബ്രാഹിംകുട്ടി’ എന്ന അദ്ദേഹത്തിന്റെ വ്ളോഗിലാണ് മോഹന്‍ലാലുമായുള്ള തന്റെയും മമ്മൂട്ടിയുടെയും അനുഭവങ്ങള്‍ ഇബ്രാഹിം കുട്ടി പങ്കുവെച്ചത്.

പലപ്പോഴും ഷൂട്ടിംഗ് കഴിഞ്ഞ് മമ്മൂട്ടി വീട്ടില്‍ എത്തുമ്പോള്‍ ബാപ്പയ്ക്ക് മോഹന്‍ലാലിനെ കുറിച്ചായിരുന്നു അറിയേണ്ടതെന്നും ഇബ്രാഹിം കുട്ടി പറയുന്നു. ഇച്ഛാക്ക ഷൂട്ട് കഴിഞ്ഞു വീട്ടില്‍ വരുമ്പോള്‍ ബാപ്പ സിനിമകളുടെ വിശേഷങ്ങള്‍ ചോദിക്കാതെ ലാല്‍ കൂടെ ഉണ്ടായിരുന്നോ എന്ന് പലപ്പോഴും ചോദിക്കുന്നത് കേട്ടിട്ടുണ്ട്. അവന്റെ വീട്ടിലും ഇതുപോലെ അച്ഛനും അമ്മയും അവനെ കാത്തിരിപ്പുണ്ടായിരിക്കുമല്ലേ എന്നും ബാപ്പ പറയാറുണ്ടായിരുന്നെന്നും ഇബ്രാഹിംകുട്ടി പറയുന്നു.

മോഹന്‍ലാലിന്റെ വ്യക്തിത്വവും കുട്ടിത്തം മാറാത്ത ഭാവങ്ങളും ഏതൊരു വ്യക്തിയേയും സ്വാധീനിക്കുമെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു. നരസിംഹത്തിലെ മോഹന്‍ലാലിനെക്കാള്‍ നാടോടികാറ്റിലെ മോഹന്‍ലാലിനെ ആയിരിക്കും പലര്‍ക്കും ഇഷ്ടം. ക്ലൈമാക്‌സ് കാണാത്ത ഒരുപാട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഉണ്ടെന്നും ക്ലൈമാക്‌സിലെ കഥാപാത്രത്തിന്റെ പ്രകടനം കണ്ട് സങ്കടം വരും എന്ന് അറിയുന്നത്‌കൊണ്ടാണ് താന്‍ അത് കാണാത്തതെന്നും ഇബ്രാഹിംകുട്ടി വീഡിയോയില്‍ പറയുന്നു.

ലാലിന്റെ ഒട്ടുമിക്ക പടങ്ങളും ആദ്യ ദിവസങ്ങളില്‍ തന്നെ തിയേറ്ററില്‍ പോയി കാണാന്‍ ശ്രമിക്കാറുണ്ടെന്നും ലൂസിഫറും ബിഗ് ബ്രദറുമെല്ലാം ഇത്തരത്തില്‍ കണ്ടിരുന്നെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു.

മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചു അഭിനയിച്ച ഒരുപാട് ചിത്രങ്ങളുടെ ലൊക്കേഷനില്‍ പോകാന്‍ തനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ നമ്മുടെ അടുത്ത് വന്നിട്ട് പോയാല്‍ ഒരു പ്രെസന്‍സ് കുറെ നേരത്തേക്ക് ഫീല്‍ ചെയ്യുമെന്നും ഒരുപാട് പോസിറ്റീവ് എനര്‍ജി നല്‍കുമെന്നും മമ്മൂട്ടി തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു.

ഭഗവാന്‍ എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു. ഇന്ന് വരെ ഒരുമിച്ച് ഒരു ഫോട്ടോ തങ്ങള്‍ എടുത്തിട്ടില്ല. വീട്ടിലുള്ളവരുടെ കൂടെ നമ്മള്‍ എല്ലായ്‌പ്പോഴും ചിത്രങ്ങള്‍ എടുക്കാറില്ലല്ലോ എന്നും ഇബ്രാഹിം പറഞ്ഞു. ഇച്ഛാക്കയെ (മമ്മൂട്ടിയെ) ഇച്ഛാക്കാ എന്നാണ് ഞങ്ങളും ലാലും വിളിക്കാറെന്നും ഇബ്രാഹിം കുട്ടി വ്‌ളോഗില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Mammootty brother   Ibrahim Kutty’s Vlog With Memories About Mohanlal