അങ്കാറ: ഇസ്രഈലുമായുള്ള എല്ലാ ബന്ധവും തുര്‍ക്കി അവസാനിപ്പിച്ചെന്ന് പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ പ്രഖ്യാപിച്ചതിന് ശേഷവും ഇസ്രഈലിലേക്കുള്ള എണ്ണ കയറ്റുമതി യഥേഷ്ടം തുടരുന്നതായി റിപ്പോര്‍ട്ട്.
പ്രോഗ്രസീവ് ഇന്റര്‍നാഷണലിന്റെ പിന്തുണയോടെ, ‘സ്റ്റോപ്പ് ഫ്യൂവലിംഗ് ജെനോസൈഡ് ക്യാമ്പയ്ന്‍’ പ്രവര്‍ത്തകര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇവര്‍ ശേഖരിച്ച ഷിപ്പിങ് ഡാറ്റയിലും ഉപഗ്രഹ ചിത്രങ്ങളിലും തുര്‍ക്കിയിലെ സെയ്ഹാന്‍ തുറമുഖത്ത് നിന്ന് ഒരു ടാങ്കര്‍ ക്രൂഡ് ഓയില്‍ ഇസ്രഈലിലെ അഷ്‌കലോണിന് സമീപമുള്ള അലിയേവ് ടെര്‍മിനലിലേക്ക് അയക്കുന്നതായി കാണാം.
എന്നാല്‍ തുര്‍ക്കി ഈ കണ്ടെത്തല്‍ നിരസിക്കുകയാണുണ്ടായത്. ഇക്കഴിഞ്ഞ മെയില്‍ ഇസ്രഈലുമായി വ്യാപാരബന്ധം അവസാനിപ്പിച്ചതിനുശേഷം ഇസ്രഈലിലേക്കുള്ള എണ്ണ ടാങ്കറുകള്‍ ഒന്നും തന്നെ സെയ്ഹാന്‍ തുറമുഖം വിട്ട് പോയിട്ടില്ലെന്നാണ് ഊര്‍ജ മന്ത്രി പറയുന്നത്.
ഒക്ടോബര്‍ അവസാനത്തോടെ ഒരു അസംസ്‌കൃത എണ്ണ ടാങ്കര്‍ സെയ്ഹാനിലെ തുറമുഖത്ത് കയറിയതോടെ സിഗ്നല്‍ ഓഫ് ചെയ്തു. തുടര്‍ന്ന് മെഡിറ്ററേനിയന്‍ ദ്വീപായ സിസിലിയില്‍ എത്തിയപ്പോഴാണ് ഓണ്‍ ചെയ്തത്. സാറ്റലൈറ്റ് ഇമേജുകള്‍ ഉപയോഗിച്ച് ഗവേഷകര്‍ നടത്തിയ അന്വേഷണത്തില്‍ ഇസ്രഈലിലെ അഷ്‌കെലോണിനടുത്തുള്ള ഒരു ഓയില്‍ ടെര്‍മിനലില്‍ ഈ ടാങ്കര്‍ ഇറക്കിയതായും കണ്ടെത്തി.
ഒക്ടോബര്‍ 28ന് ടാങ്കര്‍ സെയ്ഹാനിലെ ഹെയ്ദര്‍ അലിയേവ് ടെര്‍മിനലില്‍ എത്തിയെന്നും യാത്രയ്ക്ക് ശേഷം ഭാരക്കൂടുതല്‍ കണ്ടെത്തിയതായും മറൈന്‍ ഷിപ്പിങ് ഡാറ്റയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ടാങ്കര്‍ സിസിലിയില്‍ എത്തിയപ്പോള്‍ ഭാരം കുറവായിരുന്നതായും ഡാറ്റയില്‍ പറയുന്നു.
സാറ്റലൈറ്റ് ഇമേജുകള്‍ ഉപയോഗിച്ച്, നവംബര്‍ അഞ്ചിന് ഇസ്രഈലിനടുത്തുള്ള അഷ്‌കെലോണിനടുത്ത് ഇ.എ.പി.സി ടെര്‍മിനലില്‍ ടാങ്കര്‍ ഡോക്ക് ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം കയറ്റുമതി ഒരു തവണ മാത്രമല്ല നടത്തിയതെന്നും തുര്‍ക്കി മെയില്‍ വ്യാപാര ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം ഒന്നിലധികം എണ്ണ ടാങ്കറുകള്‍ ഇതേ വഴി കടന്നുപോയിട്ടുണ്ടെന്നും ഗവേഷകര്‍ പറഞ്ഞു.
‘ഇസ്രഈലിനും തുര്‍ക്കിക്കും ഇടയില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യാപാരവുമായി ബന്ധപ്പെട്ട് സീവിഗോര്‍ പുറത്തുവിട്ട തെളിവുകള്‍ മഞ്ഞുമലയുടെ അറ്റം മാത്രമാണ്,’ സ്റ്റോപ്പ് ഫ്യൂവലിംഗ് വംശഹത്യ ക്യമ്പയ്നിലെ ഗവേഷക വിദ്യാര്‍ത്ഥികളിലൊരാള്‍ പറഞ്ഞു.
എന്നാല്‍ സര്‍ക്കാരിന് നിയന്ത്രിക്കാന്‍ സാധിക്കാത്ത ചില ഇടനില കമ്പനികളാണ് എണ്ണ വില്‍പ്പന നടത്തുന്നതെന്നാണ് തുര്‍ക്കി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് എൈ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസമാണ് ഗസയില്‍ വംശഹത്യ തുടരുന്ന ഇസ്രഈലിന്റെ നടപടികളെ അപലപിച്ച് ഇസ്രഈലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നുവെന്ന് പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി തങ്ങളുടെ അംബാസിഡറെ ഇസ്രഈലില്‍ നിന്ന് തുര്‍ക്കി തിരിച്ച് വിളിച്ചിരുന്നു. എന്തിന് നിരോധനം ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി ഇസ്രആല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് COP29ന് പങ്കെടുക്കുന്നതിനായി വിമാനം കടന്ന് പോകാനുള്ള വ്യോമപാതപോലും തുര്‍ക്കി നിഷേധിച്ചിരുന്നു.
ഈ വര്‍ഷമാദ്യം, ഫലസ്തീനെ പിന്തുണച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രഈലിനെതിരായി ഫയല്‍ ചെയ്ത വംശഹത്യ കേസില്‍ തുര്‍ക്കി ഇടപെട്ടിരുന്നു. ടെല്‍ അവീവിനെതിരെ ലോക രാജ്യങ്ങള്‍ ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്നും തുര്‍ക്കി വാദിക്കുകയുണ്ടായി.
എന്നാല്‍ തുര്‍ക്കിക്ക് ഇസ്രഈലിലേക്ക് എണ്ണ കയറ്റി അയക്കുന്ന മറ്റൊരു രാജ്യമാണ് അസര്‍ബൈജാന്‍. ഈ വര്‍ഷം ജനുവരി മുതല്‍ ഇസ്രഈലിലേക്കുള്ള അസര്‍ബൈജാന്റെ എണ്ണ കയറ്റുമതി നാലിരട്ടിയായി വര്‍ദ്ധിച്ചിരുന്നു. ജനുവരിയില്‍ ഇത് 523,554 ടണ്‍ ആയിരുന്നെങ്കില്‍ സെപ്റ്റംബറില്‍ അത് 2,372,248 ടണ്ണായി കൂടി.
Content Highlight: Bans are useless It is reported that oil is being smuggled from Turkey to Israel