ഒട്ടാവ: കാനഡയില്‍ കണ്‍വേര്‍ഷന്‍ തെറാപ്പി (Conversion Therapy) നിരോധനം നിലവില്‍ വന്നു.
എല്‍.ജി.ബി.ടി.ക്യു കമ്യൂണിറ്റിയില്‍ പെട്ട ആളുകളുടെ സെക്‌സ് ഓറിയന്റേഷന്‍, ജെന്‍ഡര്‍ ഐഡന്റിറ്റി, ജെന്‍ഡര്‍ എക്‌സ്പ്രഷന്‍ എന്നിവ മാറ്റുന്നതിന് വേണ്ടി നടത്തുന്ന തെറാപ്പിയെയാണ് കണ്‍വേര്‍ഷന്‍ തെറാപ്പി എന്ന് പറയുന്നത്.
സമൂഹത്തിന് ദോഷകരമായതും ആളുകളെ അപമാനിക്കുന്നതുമാണ് ഇത്തരത്തിലുള്ള തെറാപ്പിയെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നേരത്തെ പ്രതികരിച്ചിരുന്നു.
2021ല്‍ പാര്‍ലമെന്റില്‍ നിന്നും അനുമതി ലഭിച്ചതോടെയാണ് രാജ്യത്ത് ഈ പ്രക്രിയയുടെ നിരോധനത്തിന് വഴിവെച്ചത്. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഏകപക്ഷീയമായിട്ടായിരുന്നു നിയമത്തെ പിന്തുണച്ചത്.
വെള്ളിയാഴ്ച മുതല്‍ നിരോധനം പ്രാബല്യത്തില്‍ വന്നതോടെ ഇനി ഇത്തരം പ്രവര്‍ത്തികള്‍ നിയമവിരുദ്ധമായി കണക്കാക്കും. തെറാപ്പിക്ക് വിധേയമാകാന്‍ ആളുകളെ നിര്‍ബന്ധിക്കുന്നത് ഇനി മുതല്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കും.
അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമായിരിക്കും ഇത്.
ട്രാന്‍സ്‌ജെന്‍ഡര്‍, ക്യൂര്‍ ആളുകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നടത്തിയ നിര്‍ണായക ചുവടായാണ് നിയമം വിലയിരുത്തപ്പെടുന്നത്.
”ഇന്ന് മുതല്‍ ഇത് ഔദ്യോഗികമാണ്. കണ്‍വേര്‍ഷന്‍ തെറാപ്പി കാനഡയില്‍ നിരോധിച്ചിരിക്കുന്നു. നമ്മുടെ സര്‍ക്കാരിന്റെ നിയമനിര്‍മാണം നിലവില്‍ വന്നു.
ഇതിനര്‍ത്ഥം, വിദ്വേഷപൂര്‍ണവും ഹാനികരവുമായ ഈ പ്രാക്ടീസിനെ പ്രോത്സാഹിപ്പിക്കുന്നതോ പ്രചരിപ്പിക്കുന്നതോ ഇതില്‍ നിന്നും ലാഭമുണ്ടാക്കാന്‍ നോക്കുന്നതോ ആരെയെങ്കിലും ഇതിന് വിധേയമാക്കുന്നതോ നിയമവിരുദ്ധമായി കണക്കാക്കും.
എല്‍.ജി.ബി.ടി.ക്യു ആളുകളുടെ അവകാശങ്ങള്‍ മനുഷ്യാവകാശങ്ങളാണ്,” ജസ്റ്റിന്‍ ട്രൂഡോ ട്വീറ്റ് ചെയ്തു.
കണ്‍വേര്‍ഷന്‍ തെറാപ്പി നിരോധിച്ചിട്ടുള്ള ഒരു ഡസനിലധികം രാജ്യങ്ങളുടെ ഗ്രൂപ്പിലേക്കാണ് ഇതോടെ കാനഡ എത്തുക. ബ്രസീല്‍, നോര്‍വെ, അര്‍ജന്റീന, ഉറുഗ്വേ, ഇക്വഡോര്‍, മാള്‍ട്ട തുടങ്ങിയ രാജ്യങ്ങളില്‍ മുന്നെ തന്നെ പരിവര്‍ത്തന തെറാപ്പി നിരോധിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Banning of conversion therapy has came to effect in Canada