മെറ്റ പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള വാര്‍ത്ത നിരോധനം; കാനഡയിലെ മാധ്യമങ്ങള്‍ക്കുളള കനത്ത തിരിച്ചടിയെന്ന് വിദഗ്ദര്‍
World News
മെറ്റ പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള വാര്‍ത്ത നിരോധനം; കാനഡയിലെ മാധ്യമങ്ങള്‍ക്കുളള കനത്ത തിരിച്ചടിയെന്ന് വിദഗ്ദര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th August 2023, 10:30 pm

ഒട്ടാവ: കാനഡയിലെ മെറ്റ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വാര്‍ത്തകള്‍ നിരോധിച്ചതില്‍ പ്രതിഷേധം ശക്തം. മെറ്റയുടെ നടപടി പത്രപ്രവര്‍ത്തനത്തെ നശിപ്പിക്കുകയും വ്യാജവാര്‍ത്തകളുടെ വ്യാപനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു തെറ്റായ കണക്കുകൂട്ടല്‍ ആണെന്ന് വിദഗ്ധരെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാനഡയിലെ ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്കില്‍ നിന്നും ഇന്‍സ്റ്റാഗ്രാമില്‍ നിന്നും വാര്‍ത്തകള്‍ ലഭ്യമാകുന്നത് അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ചൊവ്വാഴ്ച്ച മെറ്റ അറിയിച്ചിരുന്നു. പുതിയ ഓണ്‍ലൈന്‍ വാര്‍ത്ത നിയമത്തിന്റെ ഭാഗമായാണ് നടപടി.

ഗാര്‍ഡിയന്‍, വാഷിംഗ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, അല്‍ ജസീറ, അഫ്രിക്ക് എന്നിങ്ങനെയുള്ള കാനഡയില്‍ അല്ലാത്ത വാര്‍ത്താ ഏജന്‍സികളില്‍ നിന്നുമുള്ള സ്റ്റോറികള്‍ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നില്ല.

ഈ വര്‍ഷമാദ്യം ഗൂഗിളും സെര്‍ച്ചില്‍ നിന്ന് വാര്‍ത്താ ലിങ്കുകള്‍ നീക്കം ചെയ്യുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ട്വിറ്റര്‍, ബിംഗ് തുടങ്ങിയ മറ്റ് പ്ലാറ്റ്ഫോമുകളും മെറ്റയുടെ പാത സ്വീകരിക്കുമോ എന്ന് അറിയില്ലെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാനഡയിലെ മാധ്യമങ്ങള്‍ക്കുണ്ടാക്കുന്ന കനത്ത തിരിച്ചടിയാണിതെന്ന് ഒട്ടാവ സര്‍വകലാശാലയിലെ നിയമ പ്രൊഫസറും ഇന്റര്‍നെറ്റ്, ഇ-കൊമേഴ്സ് നിയമത്തിലെ കാനഡ റിസര്‍ച്ച് ചെയറുമായ മൈക്കല്‍ ഗേസ്റ്റ് പറഞ്ഞു.

‘കനേഡിയന്‍ മാധ്യമങ്ങള്‍ക്ക്, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്ന ചെറുതും സ്വതന്ത്രവുമായ ഔട്ട്ലെറ്റുകള്‍ക്കുണ്ടാക്കുന്ന കനത്ത തിരിച്ചടിയാണിത്. ഈ നയം ഒരു ദുരന്തമാണ്,’ ഗേസ്റ്റ് പറഞ്ഞു. ഈ നീക്കം കനേഡിയന്‍ മാധ്യമങ്ങളില്‍ ഉണ്ടാക്കാന്‍ പോകുന്ന ആഘാതത്തില്‍ ഗവണ്‍മെന്റിനും പങ്കുണ്ടെന്ന് ഗേസ്റ്റ് കൂട്ടിച്ചേര്‍ത്തു.

മെറ്റയുടെ നടപടി രാഷ്ട്രീയത്തെയും തെരഞ്ഞെടുപ്പിനെയും ബാധിച്ചേക്കാമെന്നുള്ള അഭിപ്രായങ്ങളും വരുന്നുണ്ട്.

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വാര്‍ത്തകള്‍ പരിമിതപ്പെടുത്തുന്നത് ആ നിക്ഷേപങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നുവെന്ന് സൈമണ്‍ ഫ്രേസര്‍ സര്‍വകലാശാലയിലെ മേധാവി അഹമ്മദ് അല്‍-റാവി പറഞ്ഞു.

‘വാര്‍ത്തകള്‍ ജനാധിപത്യത്തിന്റെ പ്രധാന ഘടകമാണ്. നിങ്ങളുടെ പ്ലാറ്റ്ഫോമില്‍ വസ്തുതാപരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ നിങ്ങള്‍ അനുവദിക്കുന്നില്ലെങ്കില്‍, പൊതുനന്മയ്ക്കുവേണ്ടിയാണ് നിങ്ങള്‍ നിലക്കൊള്ളുന്നതെന്ന് എങ്ങനെ അവകാശപ്പെടും,’ അഹമ്മദ് അല്‍-റാവി പറഞ്ഞു.

വാര്‍ത്തകളുടെ ലിങ്ക് തുറക്കാന്‍ കഴിയാത്തത് കൂടുതല്‍ ആളുകളെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കിടാന്‍ പ്രേരിപ്പിക്കുമെന്നും, ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്വെയറോ എ.ഐ സാങ്കേതികവിദ്യകളോ ഉപയോഗിച്ച് എളുപ്പമുള്ള സ്‌ക്രീന്‍ഷോട്ടുകള്‍ തയ്യാറാക്കാനും പ്രേരിപ്പിക്കുമെന്നും അല്‍-റാവി പറഞ്ഞു.

ലിങ്കുകള്‍ പരിശോധിച്ച് വാര്‍ത്തകള്‍ ആധികാരികമാണോ എന്ന് ഉറപ്പാക്കാന്‍ സാധിക്കാത്തത് വ്യാജ വാര്‍ത്തകളുടെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlights: banning news from the Meta platform; Experts say that it is a heavy blow to the media in Canada