| Saturday, 26th February 2022, 6:31 pm

ഫാന്‍സ് ഷോകള്‍ നിരോധിക്കുന്നു, സിനിമാ വ്യവസായത്തിന് യാതൊരു ഗുണവുമില്ല: ഫിയോക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സൂപ്പര്‍താര സിനിമകളുടെ റിലീസ് സമയത്തുള്ള ഫാന്‍സ് ഷോകള്‍ നിരോധിക്കാന്‍ തീരുമാനമെടുത്ത് തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്ക്. ഫാന്‍സ് ഷോകള്‍ കൊണ്ട് സിനിമാ വ്യവസായത്തിന് യാതൊരു ഗുണവും ചെയ്യുന്നില്ലെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി.വിയോടാണ് വിജയകുമാര്‍ ഇക്കാര്യം പറഞ്ഞത്.

വര്‍ഗീയ വാദം, തൊഴുത്തില്‍ കുത്ത്, ഡീഗ്രേഡിങ് എന്നിവയാണ് ഫാന്‍സ് ഷോകള്‍ കൊണ്ട് നടക്കുന്നത്. സിനിമാ വ്യവസായത്തിന് ഇത് യാതൊരു ഗുണവും ചെയ്യുന്നില്ല. തിയേറ്ററുകളില്‍ പ്രേക്ഷകര്‍ വരാത്തതിന്റെ പ്രധാന കാരണം ഫാന്‍സ് ഷോകള്‍ക്ക് ശേഷം നല്‍കുന്ന മോശം പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഫാന്‍സ് ഷോകള്‍ നിരോധിക്കണം എന്ന നിലപാടിലാണ് എക്‌സിക്യൂട്ടീവ്. മാര്‍ച്ച് 29ന് നടക്കുന്ന ജനറല്‍ ബോഡിക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം. വരാനിരിക്കുന്ന ചിത്രങ്ങളില്‍ സിനിമക്കുണ്ടാകുന്ന ഡീഗ്രേഡിങ് ഫാന്‍സ് ഷോ നിര്‍ത്തലാക്കുന്നതോടെ ഒരു പരിധിവരെ തടയാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ഫിയോക്ക്,’ വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ റിലീസിന് പിന്നാലെയും സമൂഹ മാധ്യമങ്ങളിലൂടെ മോശം പ്രതികരണങ്ങള്‍ വന്നിരുന്നു.

ആറാട്ട് സിനിമയെ ബോധപൂര്‍വം ഇകഴ്ത്തി കാണിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ആറാട്ടിന്റെ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഇത്തരത്തിലുള്ള ഡീഗ്രേഡിംഗുകള്‍ ഈ സിനിമയ്ക്ക് മാത്രമല്ല എല്ലാ സിനിമകള്‍ക്കെതിരെയും നടക്കുന്നുണ്ടെന്നും ഇത്തരം നടപടികള്‍ ദൂരവ്യാപകമായി നമ്മുടെ ഇന്‍ഡസ്ട്രിയെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമക്കെതിരെ വ്യാജപ്രചരണം നടത്തിയ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവവവുമുണ്ടായിരുന്നു.

റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വത്തിനും ഫാന്‍സ് ഷോ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രത്തിനും നേരെ ഫാന്‍സ് ഷോയ്ക്ക് ശേഷം വലിയ തോതില്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു.


Content Highlights: Banning fan shows is of no benefit to the film industry: Fiyok

We use cookies to give you the best possible experience. Learn more