| Wednesday, 28th September 2022, 6:13 pm

'തീയിട്ടത് സംഘികളുടെ ട്രൗസറില്‍, പുകവരുന്നത് കമ്മികളുടെ മൂട്ടിലൂടെ'; നിലമ്പൂരില്‍ യുവജന സംഘടനകളുടെ ബാനര്‍ പോര് കൊഴുക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലമ്പൂര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിലമ്പൂരില്‍ എത്തുന്നതിന് മുമ്പേ ബാനര്‍ യുദ്ധവുമായി യുവജന സംഘടനകള്‍.

ജോഡോ യാത്രയെ പരിഹസിച്ച് നിലമ്പൂരില്‍ ഡി.വൈ.എഫ്.ഐ ഉയര്‍ത്തിയ ബാനറിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗുമെത്തിയതോടെ ബാനര്‍ പോര് കളറായിരിക്കുകയാണ്.

‘പോരാട്ടമാണ് ബദല്‍ പൊറോട്ടയല്ല’ എന്നെഴുതിയ ബാനര്‍ ഡി.വൈ.എഫ്.ഐ നിലമ്പൂര്‍ പഴയ ബസ് സ്റ്റാന്റില്‍ ആദ്യം സ്ഥാപിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമാകുന്നത്. തൊട്ടുപിന്നാലെ മറുപടിയുമായി യൂത്ത് കോണ്‍ഗ്രസും, യൂത്ത് ലീഗും എത്തിയതോടെയാണ് നിലമ്പൂരും ബാനര്‍ പോര് ആരംഭിച്ചത്.

‘തീയിട്ടത് സംഘികളുടെ ട്രൗസറിനാണെങ്കിലും പുകവരുന്നത് കമ്മികളുടെ മൂട്ടിലൂടെയാണ്,’ എന്നായിരുന്നു യൂത്ത് ലീഗ് സ്ഥാപിച്ച ബാനറിലെ വരികള്‍. ഒട്ടും വൈകാതെ ഡി.വൈ.എഫ്.ഐയുടെ ഫ്‌ളക്‌സിന് മുകളില്‍ യൂത്ത് കോണ്‍ഗ്രസും മറുപടി ഫ്‌ളക്‌സ് വെച്ചു. കാക്കിയും ചുവപ്പുമുള്ള നിക്കറിന്റെ ചിത്രം വച്ച ഫ്‌ളക്‌സില്‍, ‘ആരാധകരെ ശാന്തരാകുവിന്‍ പോരാട്ടം ആര്‍.എസ്.എസിനോടാണ്’ എന്നാണ് എഴുതിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം, പെരിന്തല്‍മണ്ണ ഏലംകുളം ലോക്കല്‍ കമ്മിറ്റി ഓഫീസ് കെട്ടിടത്തില്‍ ഡി.വൈ.എഫ്.ഐ തൂക്കിയ ബാനറും കോണ്‍ഗ്രസ് വിവാദമാക്കിയിരുന്നു. ‘പൊറോട്ടയല്ല കുഴിമന്തിയാണ് പെരിന്തല്‍മണ്ണയില്‍ ബെസ്റ്റ്’ എന്നായിരുന്നു എഴുതിയത്.

ഡി.വൈ.എഫ്.ഐ ബാനറിനെതിരെ കെ.പി.സി.സി വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ വി.ടി. ബല്‍റാം രംഗത്തെത്തി. ഇതേ കെട്ടിടത്തില്‍ ഭാരത് ജോഡോ യാത്ര കാണാന്‍ നിരവധി സ്ത്രീകള്‍ കയറി നില്‍ക്കുന്നതിന്റെ ചിത്രമടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു ബല്‍റാമിന്റെ പ്രതികരണം.

കറുത്ത ബാനറുമായി കമ്മികള്‍, തുടുത്ത മനസ്സുമായി ജനങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് വി.ടി ബല്‍റാം ചിത്രം പങ്കുവെച്ചത്.

‘പ്രദേശത്തെ പ്രധാന ഭക്ഷണം ഏതെന്ന് അറിയാന്‍ സമീപിക്കുക, ഡി.വൈ.എഫ്.ഐ ഫുഡ് വ്‌ളോഗേഴ്‌സ്’ എന്നാണ് ബാനറിനെതിരെ മുന്‍ എം.എസ്.എഫ് ദേശീയ വൈസ് പ്രസ്ഡന്റ് ഫാത്തിമ തെഹ്‌ലിയ ബാനറിനെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചത്.

Content Highlight: Banner Fight In Nilambur After DYFI’s Banner Criticizing Bharat Jodo Yatra

We use cookies to give you the best possible experience. Learn more