| Saturday, 9th March 2013, 4:01 pm

പ്രവീണ്‍ കുമാറിന്റെ വിലക്ക് നീക്കി:ബി.സി.സി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:പേസര്‍ പ്രവീണ്‍ കുമാറിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. കോര്‍പ്പറേറ്റ് ട്രോഫി മത്സരങ്ങള്‍ക്കിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍  സസ്‌പെന്‍ഷനിലായിരുന്നു ഈ താരം.[]

ഇതു സംബന്ധിച്ച് ഫെബ്രുവരിയില്‍ പ്രവീണ്‍ കുമാറിന് ബി.സി.സി.ഐ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രവീണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന പിന്നീട് താരത്തിനു സസ്‌പെന്‍ഷന്‍ ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ ഈ താരത്തിനെതിരെയുള്ള സസ്‌പെന്‍ഷന്‍ കര്‍ശന താക്കീതായി ചുരുക്കാന്‍ പെരുമാറ്റച്ചട്ട സമിതി തീരുമാനിക്കുകയായിരുന്നു. ബി.സി.സി.ഐ ബോര്‍ഡിലെ അംഗങ്ങളും സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചു.

ഇനി ക്ഷമിക്കില്ലെന്ന താക്കീതോടെയാണ് പ്രവീണ്‍ കുമാറിന്റെ ശിക്ഷ നീക്കിയത്.

കോര്‍പ്പറേറ്റ് ട്രോഫി മത്സരങ്ങള്‍ക്കിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായതോടെ പ്രവീണിലെ കലാപകാരി വീണ്ടും ചര്‍ച്ചാ വിഷയമായിരുന്നു. ഒരു മത്സരം കളിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല പ്രവീണ്‍ കുമാറെന്നാണ് അന്നു മാച്ച് റഫറിയായ ധനഞ്ജയ് കുമാര്‍ അന്നു റിപ്പോര്‍ട്ട് നല്‍കിയത്.

2011ലെ കരീബിയന്‍ പര്യടനത്തിനിടെ കാണികളുമായി പ്രശ്‌നമുണ്ടാക്കിയതും മുമ്പ് വിവാദമായിരുന്നു.

മികച്ച ഒരു ബൊളറായ പ്രവീണ്‍കുമാര്‍ ഭാവിയിലെ വാഗ്ദാനമാണെന്നും ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍ ഇന്ത്യന്‍ ടീമിന് ഒരു മുതല്‍ക്കൂട്ടാകുമെന്നുമാണ് പ്രതീക്ഷയെന്നും വിലക്ക് നീക്കികൊണ്ട് ബി.സി.സി.ഐ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more