മോദിയുടെ സന്ദര്‍ശനത്തിനിടെ ബി.ബി.സി ഡോക്യുമെന്ററി ഓസ്ട്രേലിയയില്‍ പ്രദര്‍ശിപ്പിക്കും
World News
മോദിയുടെ സന്ദര്‍ശനത്തിനിടെ ബി.ബി.സി ഡോക്യുമെന്ററി ഓസ്ട്രേലിയയില്‍ പ്രദര്‍ശിപ്പിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd May 2023, 8:44 pm

സിഡ്‌നി: ഇന്ത്യയില്‍ നിരോധിച്ച ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ഓസ്ട്രേലിയ. നരേന്ദ്ര മോദിയുടെ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പാര്‍ലമെന്റിലാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുക. ബുധനാഴ്ചയാണ് പ്രദര്‍ശനം. ഓസ്ട്രേലിയന്‍ ഗ്രീന്‍സ് സെനറ്റര്‍ ഡേവിഡ് ഷൂബ്രിഡ്ജ് ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ പങ്കെടുക്കും.

ഇന്ത്യയില്‍ ഡോക്യുമെന്ററി നിരോധിച്ചതിനെതിരെ ഡേവിഡ് ഷൂബ്രിഡ്ജ് വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നല്ല സുഹൃദ്ബന്ധമാണെന്നും എന്നാല്‍ സത്യത്തെ മുന്‍നിര്‍ത്തിയാകണം സൗഹൃദമെന്നും ഡേവിഡ് ഷൂബ്രിഡ്ജ് പറഞ്ഞു.

‘വളരെയധികം ഗവേഷണം നടത്തി തയ്യാറാക്കിയതാണ് ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററി. ഇന്ത്യയിലെ തകരുന്ന മനുഷ്യാവകാശങ്ങളെക്കുറിച്ചും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും പലതവണ സംസാരിച്ചിട്ടുണ്ട്. ഈ പ്രശ്നങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന് മുന്നില്‍ ഓസ്ട്രേലിയ ഉയര്‍ത്തേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ നിരോധിച്ച ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍ ഡോക്യുമെന്ററി ഓസ്‌ട്രേലിയയില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഷൂബ്രിഡ്ജ് പറഞ്ഞു.

ഡോക്യുമെന്ററി പ്രദര്‍ശനത്തിന് ശേഷം നടക്കുന്ന ചര്‍ച്ചയില്‍ സഞ്ജീവ് ഭട്ടിന്റെ മകള്‍ ആകാശി ഭട്ടും പങ്കെടുക്കും. മോദിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സഞ്ജീവ് ഭട്ട് നാലര വര്‍ഷത്തോളമായി ജയിലില്‍ തുടരുകയാണ്.

2002ല്‍ നടന്ന ഗുജറാത്ത് കലാപത്തെക്കുറിച്ചും അതില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ചുമാണ് ഡോക്യുമെന്ററി പറയുന്നത്. ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ ഡോക്യുമെന്ററി നിരോധിച്ചെങ്കിലും ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ തുടങ്ങിയ ഇടതുപക്ഷ സംഘടനകള്‍ രാജ്യമൊട്ടാകെ കലാലയങ്ങളിലും കവലകളിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ഡോക്യുമെന്ററി പുറത്ത് വന്നതോടെ ഗുജറാത്ത് കലാപത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ രാജ്യത്ത് ഉടലെടുത്തിരുന്നു.

content highlights: banned bbc documentary will screen in Australia