സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങാന്‍ ബാങ്കുകള്‍ കാണിക്കുന്ന നിസഹകരണം മൂലം വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് അനിശ്ചിതത്വത്തില്‍. പ്രീമെട്രിക്, ഒ.ബി.സി സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കേണ്ട വിദ്യാര്‍ത്ഥികളാണ് ദേശസാല്‍കൃതബാങ്കുകളുടെ അനാസ്ഥ മൂലം പ്രതിസന്ധിയിലായത്.
സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങുന്നതിന് ബാങ്കുകള്‍ കാലതാമസം വരുത്തുന്നതിനാലാണ് ഇത്. സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കേണ്ടതുണ്ട്.
ALSO READ: സഹനത്തിന്റെ കുരിശുവഴികളില്‍ നീതികിട്ടാത്ത കന്യാസ്ത്രീ ജീവിതങ്ങള്‍
ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ വിവിധ ബാങ്കുകളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ എത്തുമ്പോഴാണ് അക്കൗണ്ട് ആരംഭിക്കാന്‍ മൂന്നുമാസമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് അറിയുന്നത്. സീറോ ബാലന്‍സ് അക്കൗണ്ടിന് മാസങ്ങളോളം കാത്തിരിക്കേണ്ടിവരുമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
അതേസമയം ആയിരം രൂപയുടെ മിനിമം ബാലന്‍സ് അക്കൗണ്ട് തുടങ്ങുന്നതിന് ഇത്ര കാലതാമസം വരുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. “1000 രൂപയുടെ അക്കൗണ്ടാണെങ്കില്‍ രണ്ട് ദിവസത്തിനകം അല്ലെങ്കില്‍ പരമാവധി ഒരാഴ്ചയ്ക്കകം ശരിയാക്കാമെന്നാണ് ബാങ്കുകാര്‍ പറയുന്നത്.”- ജി.ബി.യു.പി സ്‌കൂളിലെ സഹീദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
സീറോ ബാലന്‍സ് അക്കൗണ്ട് ആരംഭിക്കാനായി ബാങ്കുകളിലെത്തുന്നവരെ മിനിമം ബാലന്‍സ് അക്കൗണ്ട് എടുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. വിദ്യാര്‍ത്ഥികളുടെ അവകാശം നഷ്ടപ്പെടുത്തി പണമുണ്ടാക്കാനുള്ള നീക്കമാണ് ബാങ്കുകള്‍ നടത്തുന്നതെന്നാണ് അധ്യാപകരും പറയുന്നത്. തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാക്കാന്‍ ബാങ്കുകള്‍ വിദ്യാര്‍ത്ഥികളെ ഇതരബാങ്കുകളിലേക്ക് അയക്കുന്നുവെന്നും ആരോപണമുണ്ട്.
പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് 1000 രൂപയും ഒ.ബി.സി 900 രൂപയുമാണ്. ആയിരം രൂപ നല്‍കി അക്കൗണ്ട് ആരംഭിച്ചാല്‍തന്നെ 900 രൂപയാണ് ലഭിക്കുക. അക്കൗണ്ടും എ.ടി.എമ്മും ആക്ടിവേറ്റ് ആകണമെങ്കില്‍ 100 രൂപ പിന്‍വലിക്കേണ്ടതുണ്ട്. എങ്കില്‍ തന്നെ അപേക്ഷ അംഗീകരിക്കുമെന്ന ഉറപ്പുമില്ല.
സ്‌കോളര്‍ഷിപ്പ് പരിഗണിക്കുന്നതിന് വ്യക്തമായ മാനദണ്ഡമില്ലെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. അത്യാവശ്യമുള്ളവര്‍ അക്കൗണ്ടിന് നേരത്തെ അപേക്ഷ നല്‍കണമെന്ന ബാങ്കിന്റെ വാദം ധാര്‍ഷ്ട്യമാണെന്നും ഒന്നാം ക്ലാസ് മുതലുള്ള സ്‌കോളര്‍ഷിപ്പിന് അതിന് മുന്‍പ് അക്കൗണ്ട് തുടങ്ങണമെന്ന് പറയുന്നത് വിദ്യാര്‍ത്ഥികളുടെ അവകാശലംഘനമാണെന്നും അധ്യാപകരും രക്ഷിതാക്കളും പറയുന്നു.
അതേസമയം ഇത്തരത്തില്‍ മനപ്പൂര്‍വം കാലതാമസമുണ്ടാക്കുന്നില്ലെന്നാണ് ബാങ്കുകാര്‍ നല്‍കുന്ന വിശദീകരണം. ചില നടപടിക്രമങ്ങളെ മുന്‍നിര്‍ത്തിയാണ് കാലതാമസം വരുന്നതെന്നും ബാങ്കുകാര്‍ പറയുന്നു.
സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കേണ്ടതുണ്ട്. അതേസമയം പ്രീമെട്രിക്, ഒ.ബി.സി സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി സെപ്തംബര്‍ 30 ആണ്. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ക്ക് നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴിയും ഒ.ബി.സിയ്ക്ക് സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യേക വെബ്‌സൈറ്റ് വഴിയുമാണ് അപേക്ഷിക്കേണ്ടത്.
പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് മുതല്‍ 10ാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന കുട്ടികള്‍ക്ക് 2018-19 വര്‍ഷത്തെ ന്യൂനപക്ഷ, പ്രീമെട്രിക് ഉള്‍പ്പെടെയുള്ള കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചത് ആഗസ്റ്റ് 31 നാണ്.
അപേക്ഷിക്കുന്ന കുട്ടികള്‍ക്ക് തൊട്ടുമുന്‍വര്‍ഷത്തെ പരീക്ഷയില്‍ 80 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം. നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി മാത്രമേ അപേക്ഷ സമര്‍പ്പിക്കാവൂ. അപേക്ഷകരായ കുട്ടികള്‍ക്ക് ആധാര്‍ കൂട്ടിച്ചേര്‍ത്ത ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്.
ALSO READ: പ്രളയബാധിത മേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; കിണറുകളില്‍ കോളിഫോം ബാക്ടീരിയകളെന്ന് റിപ്പോര്‍ട്ടുകള്‍
മാത്രമല്ല സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളുടേയും ബാങ്ക് പാസ്ബുക്കിന്റെ അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടുന്ന ഭാഗത്തിന്റെ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്നും പിന്നാക്ക വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബാങ്കുകളുടെ ഇത്തരം നടപടി വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് നഷ്ടമാക്കുമെന്ന ഭീതിയിലാണ് അധ്യാപകരും രക്ഷിതാക്കളും.
WATCH THIS VIDEO: