സഹകരണ ബാങ്കും റിസര്‍വ് ബാങ്കിന്റെ കീഴിലേക്ക്; ബാങ്കിങ് ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കി
national news
സഹകരണ ബാങ്കും റിസര്‍വ് ബാങ്കിന്റെ കീഴിലേക്ക്; ബാങ്കിങ് ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd September 2020, 4:19 pm

ന്യൂദല്‍ഹി: സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന് കീഴില്‍ കൊണ്ടു വരുന്ന ബാങ്കിങ് ഭേദഗതി ബില്‍ 2020 പാസാക്കി രാജ്യസഭ. ശബ്ദ വോട്ടോടുകൂടിയാണ് ഇന്ന് ബില്‍ പാസാക്കിയത്.

പി.എം.സി ബാങ്ക് അഴിമതി പോലുള്ള സംഭവങ്ങള്‍ ഒഴിവാക്കി സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്തലാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാനാണ് ഭേദഗതി കൊണ്ടുവന്നതെന്നും അവര്‍ രാജ്യസഭയില്‍ മറുപടിയായി പറഞ്ഞു.

കൊവിഡ് മഹാമാരിക്കിടെ സഹകരണ ബാങ്കുകള്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും അത് കൊണ്ട് തന്നെ സഹകരണ ബാങ്കുകളുടെ ധനകാര്യങ്ങള്‍ സൂക്ഷ്മമായി ആര്‍.ബി.ഐ വീക്ഷിക്കുമെന്നും രാജ്യസഭയില്‍ നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.

ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വെക്കുന്നതോട് കൂടി സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ പരിധിയിലാകും.

ബില്‍ നേരത്തെ ലോക്‌സഭയില്‍ പാസാക്കിയിരുന്നു. സഹകരണ സംഘങ്ങള്‍ പിരിച്ചുവിടാന്‍ സംസ്ഥാനങ്ങളുടെ അനുമതി വേണമെന്നതുള്‍പ്പെടെ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി അവതരിപ്പിച്ച ആറ് ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളിയായിരുന്നു സെപ്തംബര്‍ 16ന് ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്.

ഭേദഗതി നിയമ പ്രകാരം സഹകരണ ബാങ്കുകള്‍ക്ക് ഷെഡ്യൂള്‍ഡ് ബാങ്കുകളെ നിയന്ത്രിക്കുന്ന അതേ നിയമം ബാധകമാകും. ഇതുവരെ സഹകരണ കൂട്ടായ്മകളുടെയും റിസര്‍വ് ബാങ്കിന്റെയും സംയുക്ത നിയന്ത്രണത്തിലായിരുന്നു സഹകരണ ബാങ്കുകള്‍.

ജൂണില്‍ കേന്ദ്രമന്ത്രിസഭ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമായാണ് ബില്‍ കൊണ്ടുവന്നത്. മാര്‍ച്ചില്‍ ബില്‍ കൊണ്ടുവന്നെങ്കിലും പാസാക്കാനായിരുന്നില്ല. പിന്നാലെ ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു.

സഹകരണ മേഖലയെ റിസര്‍വ് ബാങ്കിന് കീഴിലാക്കുന്നത് സംസ്ഥാന ബാങ്കുകളെ റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കമായിട്ടാണ് സഹകരണ മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്.

പുതിയ നിയന്ത്രണ ഭേദഗതി നിയമം സഹകരണ ബാങ്കുകള്‍ക്ക് മേല്‍ വാണിജ്യ ബാങ്കുകള്‍ക്ക് സമാനമായ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതാണെന്നും ഇവര്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Banking Amendment Bill passed by Rajyasabha