[]മുംബൈ: ഈ മാസം 20, 21 തീയതികളില്‍ പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാര്‍ നടത്താനിരുന്ന പണിമുടക്ക് മാറ്റിവെച്ചു.
യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ഭാരവാഹികളും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് രണ്ടുദിവസത്തെ പണിമുടക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.
ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ ശമ്പളത്തില്‍ അഞ്ച് മുതല്‍ 9.5 ശതമാനം വരെ വര്‍ധന അംഗീകാരിച്ചതായി ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.എച്ച് വെങ്കടാചലം പറഞ്ഞു. അടുത്ത ചര്‍ച്ച ജനവരി 27ന് മുംബൈയില്‍ നടക്കും.
ജനവിരുദ്ധ ബാങ്കിങ് പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കുക, കാലാവധി തീര്‍ന്ന ശമ്പളക്കരാര്‍ പുതുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു 20, 21 തീയതികളില്‍ 48 മണിക്കൂര്‍ നീളുന്ന ദേശീയ ബാങ്ക് പണിമുടക്കു നടത്തുമെന്ന് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് പ്രഖ്യാപിച്ചിരുന്നത്.
ബാങ്കിങ് മേഖലയിലെ ഒന്‍പതു ദേശീയ ട്രേഡ് യൂണിയന്‍ സംഘടനകളുടെ സംയുക്തവേദിയാണ് യു.എഫ്.ബി.യു.