ന്യൂദല്‍ഹി: നോട്ടുനിരോധനത്തിന്റെ പ്രതിസന്ധി തീരാത്ത സാഹചര്യത്തില്‍ പ്രതിഷേധവുമായി ബാങ്ക് ജീവനക്കാര്‍. സര്‍ക്കാരിനോടുള്ള എതിര്‍പ്പറിയിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 7ന് പണിമുടക്കുമെന്ന് ബാങ്കുകളുടെ സംയുക്ത സംഘടന പറഞ്ഞു.
രാജ്യത്തെ നാലു ലക്ഷത്തോളം ബാങ്ക് ജീവനക്കാരാണ് പണിമുടക്കുന്നത്. ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് പണി മുടക്ക്.
നോട്ടുകള്‍ നിരോധിച്ച സര്‍ക്കാര്‍ ഇതുവരെ ആവശ്യത്തിനുള്ള പണം എത്തിക്കുന്നില്ലെന്നതാണ് ബാങ്ക് സംഘടകള്‍ പറയുന്നത്.
ആര്‍.ബി.ഐയും കേന്ദ്ര സര്‍ക്കാരും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ബാങ്കുകളുടെയും പൊതുജനങ്ങളുടെയും ദുരവസ്ഥ തുടരുകയാണ്. നിയന്ത്രണത്തോടെ ആളുകള്‍ക്ക് അനുവദിച്ചിരിക്കുന്ന പണം പോലും നല്‍കാനില്ലാത്ത അവസ്ഥയാണുള്ളതെന്നും ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.എച്ച് വെങ്കടാചലം പറഞ്ഞു.
ഒരു കോടിക്ക് മുകളില്‍ പണം ലോണെടുത്ത് തിരിച്ചടയ്ക്കാതെ നടക്കുന്നവരുടെ പേരു വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തണമെന്നും സമരം ചെയ്യുന്ന ജീവനക്കാര്‍ ആവശ്യപ്പെടുന്നു.
ബാങ്കുകളില്‍ ആവശ്യത്തിന് പണമില്ലാതിരിക്കുമ്പോള്‍ ചിലര്‍ക്ക് മാത്രം പുതിയ നോട്ടുകള്‍ കൂടുതല്‍ ലഭിക്കുന്നതിനെ കുറിച്ചും അന്വേഷണം നടത്തണമെന്ന് ജീവനക്കാര്‍ പറയുന്നു.
നോട്ടുപ്രതിസന്ധി അവസാനിച്ചുവെന്ന് ധനമന്ത്രിയടക്കമുള്ളവര്‍ നിത്യേന പറയുന്നതിനിടയിലാണ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ തിരിച്ചറിയുന്ന ബാങ്ക് ജീവനക്കാര്‍ സമരത്തിനൊരുങ്ങുന്നത്.