ന്യൂദല്‍ഹി: നാളെയും മറ്റെന്നാളും പ്രഖ്യാപിച്ചിരുന്ന ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു. സമരം നടത്തരുതെന്ന ദല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സമരത്തില്‍ നിന്നും ജീവനക്കാര്‍ പിന്‍വാങ്ങിയത്. സമരത്തിനെതിരെ എസ്.ബി.ഐ ആണ് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
അനുബന്ധ ബാങ്കുകളെ എസ്.ബി.ഐ യുമായി ലയിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. ഓള്‍ കേരള ബാങ്ക് എംപ്‌ളോയീസ് ഫെഡറേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് ഫെഡറേഷന്‍ എന്നീ സംഘടനകളാണ് പണിമുടക്കിന് തീരുമാനിച്ചിരുന്നത്.
പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് എസ്.ബി.ടി അടക്കമുള്ള സഹബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലയിപ്പിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ ഇത് തങ്ങളെ ബാധിക്കുമെന്നതാണ് തൊഴിലാളികള്‍ ഉയര്‍ത്തുന്ന വിഷയം.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍(എസ്.ബി.ടി), സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍(എസ്.ബി.എം), സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്(എസ്.ബി.എച്ച്), സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പുര്‍(എസ്.ബി.ബി.ജെ), സ്‌റ്റേറ്റ് ബാങ്ക് ഓഫ് പട്യാല(എസ്.ബി.പി) എന്നിവയാണ് എസ്.ബി.ഐയുമായി ലയിക്കുക.