പൊതുമേഖലാ ബാങ്കുകളുടെ ലയനം; ഇന്ന് ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്
national news
പൊതുമേഖലാ ബാങ്കുകളുടെ ലയനം; ഇന്ന് ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd October 2019, 8:24 am

ന്യൂദല്‍ഹി: ബാങ്ക് ജീവനക്കാര്‍ ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നു. പൊതു മേഖലാ ബാങ്കുകളുടെ ലയനം സംബന്ധിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തുന്നത്. പൊതു മേഖലാ ബാങ്കുകളുടെ ലയനം നിര്‍ത്തിവെക്കണമെന്ന ആവശ്യത്തില്‍ അനുകൂല പ്രതികരണം ലഭിക്കാത്ത പശ്ചാത്തലത്തിലാണ് പണിമുടക്ക് നടത്തുന്നതെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഓഗസ്റ്റ് 30 നാണ് പത്ത് പ്രധാന പൊതുമേഖലാ ബാങ്കുകളെ ലയിപ്പിപ്പ് നാലെണ്ണമാക്കാനായി തീരുമാനിച്ചതായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചത്. തകര്‍ച്ചയിലേക്ക് നീങ്ങുന്ന സാമ്പത്തിക രംഗം തിരികെ പിടിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ബാങ്കുകള്‍ ലയിപ്പിക്കുന്നതെന്നായിരുന്നു ധനമന്ത്രിയുടെ വിശദീകരണം. എന്നാല്‍ ബാങ്ക് ലയനത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ബെഫി അറിയിച്ചു.

പൊതുമേഖല ബാങ്കുകളിലെ ജീവനക്കാരും ഓഫീസര്‍മാരും കറുത്ത ബാഡ്ജുകള്‍ ധരിച്ച് ജോലിചെയ്ത് കരിദിനമാചരിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ സെപ്തംബര്‍ 26, 27 തീയതികള്‍ പണിമുടക്ക് നടത്താനായിരുന്നു യൂണിയനുകള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം പണിമുടക്ക് മാറ്റിവയ്ക്കുകയായിരുന്നു.

ഇന്ത്യന്‍ ബാങ്ക്, അലഹാബാദ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക് കോര്‍പ്പറേഷന്‍ ബാങ്ക്, കനറാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് എന്നീ ബാങ്കുകളെയാണ് ലയിപ്പിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ