|

ഹിന്ദി അറിയാത്തതിന് ഡോക്ടര്‍ക്ക് ലോണ്‍ നിഷേധിച്ചു; ബാങ്ക് മാനേജരെ സ്ഥലം മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഹിന്ദി അറിയാത്തതിന്റെ പേരില്‍ വിരമിച്ച ഡോക്ടര്‍ക്ക് ലോണ്‍ നിഷേധിച്ച ബാങ്ക് മാനേജരെ സ്ഥലം മാറ്റി. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഗംഗൈകൊണ്ടചേലപുരം ശാഖ മാനേജര്‍ വിശാല്‍ കാംബ്ലയെയാണ് സ്ഥലം മാറ്റിയത്. മഹാരാഷ്ട്ര സ്വദേശിയാണിയാള്‍.

സി.ബാലസുബ്രഹ്മണ്യം എന്ന വിരമിച്ച സര്‍ക്കാര്‍ ഡോക്ടര്‍ വ്യാപാര കേന്ദ്രം ആരംഭിക്കുന്നതിനായി ലോണിന് അപേക്ഷ നല്‍കിയപ്പോഴാണ് ഹിന്ദി അറിയില്ലെങ്കില്‍ ലോണുമില്ലെന്ന് മാനേജര്‍ പറഞ്ഞത്. ലോണിന് തമിഴ് ഭാഷയില്‍ അപേക്ഷ നല്‍കിയതിനാല്‍ അപേക്ഷ പരിഗണിക്കാന്‍ പോലും മാനേജര്‍ തയ്യാറായില്ലെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. വിഷയം ഏറ്റെടുത്ത് തമിഴ് സംഘടനയില്‍ ഉള്ളവര്‍ രംഗത്തെത്തിയിരുന്നു.

ഭാഷ അറിയില്ലെന്ന കാരണത്താല്‍ ലോണ്‍ നിഷേധിക്കുന്നത് ബാങ്കിന്റെ വീഴ്ചയാണെന്നും നേരിടേണ്ടി വന്ന മാനസിക സമ്മര്‍ദ്ദത്തിന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ബാങ്ക് മാനേജര്‍ക്കെതിരെ ഡോക്ടര്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

നഷ്ടപരിഹാരം നല്‍കാത്തപക്ഷം ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്നും ബാലസുബ്രഹ്മണ്യം പറഞ്ഞിരുന്നു. ഹിന്ദി അറിയാത്ത കാരണത്താല്‍ ബാങ്ക് മാനേജര്‍ ലോണ്‍ നിഷേധിച്ചുവെന്ന വാര്‍ത്ത വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മാനേജര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബാങ്ക നിര്‍ബന്ധിതമായത്.

അപേക്ഷ കൊടുത്തപ്പോള്‍ ബാങ്ക് മാനേജര്‍ ഹിന്ദി അറിയുമോ എന്ന് ചോദിച്ചുവെന്നാണ് ഡോക്ടര്‍ പറയുന്നത്. തമിഴും ഇംഗ്ലീഷും മാത്രമെ അറിയു എന്ന് പറഞ്ഞതോടെ വാഗ്വാദമുണ്ടായി. അതോടെ ഭൂമിയുടെ രേഖകള്‍ തമിഴിലാണെന്ന് കാരണം ഉന്നയിച്ച് അപേക്ഷ പരിശോധിക്കാന്‍ പോലും നില്‍ക്കാതെ ലോണ്‍ നിഷേധിച്ചു എന്നായിരുന്നു ബാലസുബ്രഹ്മണ്യത്തിന്റെ ആരോപണം.

ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതില്‍ നേരത്തെ തന്നെ തമിഴ്‌നാട്ടില്‍ നിന്നുള്ള ഡി.എം.കെ നേതാവ് കനിമൊഴി, കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം തുടങ്ങിയവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഹിന്ദി ദിവസ് ആചരിക്കുന്നതിനെതിരെയും തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Hightlight: Bank manager transferred for refusing loan for a doctor who doesn’t Know Hindi