ന്യൂദല്‍ഹി: ഗാന്ധി ജയന്തിയില്‍ തുടങ്ങി ദീപാവലിയില്‍ അവസാനിക്കുന്ന ഒക്ടോബറില്‍ മാസത്തിലെ പകുതി ദിവസവും ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ആര്‍.ബി.ഐ കലണ്ടര്‍ പ്രകാരം ഈ മാസം 15 ദിവസമാണ് ബാങ്കുകള്‍ക്ക് അവധിയുള്ളത്.
ഗാന്ധി ജയന്തി, ദുര്‍ഗ പൂജ, ദസറ, ദീപാവലി തുടങ്ങിയ പൊതു അവധി ദിനങ്ങള്‍ക്ക് പുറമെ ഞായറാഴ്ചകളും രണ്ടാം ശനിയും നാലാം ശനിയും ഉള്‍പ്പടെയാണ് 15 അവധികള്‍. ഇതില്‍ ചില അവധികള്‍ പ്രാദേശികമായി അതത് സംസ്ഥാനങ്ങളെ മാത്രം ബാധിക്കുന്നതാണ്. ഒക്ടോബര്‍ 2 ഗാന്ധി ജയന്തി, ഒക്ടോബര്‍ 10ന് മഹാസപ്തമി, 11ന് മഹാനവമി, 12ന് ദസറ, 14ന് ദുര്‍ഗ പൂജ, 31ന് ദീപാവലി എന്നിങ്ങനെയാണ് ഒക്ടോബര്‍ മാസത്തിലെ പൊതു അവധി ദിനങ്ങള്‍.
ഒക്ടോബര്‍ 1ന് ജമ്മു കാശ്മീരിലാണ് ബാങ്കുകള്‍ക്ക് അവധിയുള്ളത്. ജമ്മു കാശ്മീര്‍ നിയമസഭയിലേക്കുള്ള മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിലാണ് ഈ അവധി. പിന്നാലെ ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി പ്രമാണിച്ചുള്ള അവധി രാജ്യവ്യാപകമായുള്ളതാണ്.
ഒക്‌ടോബര്‍ 3ന് രാജസ്ഥാനില്‍ നവരാത്ര സ്ഥപ്‌ന എന്ന ഉത്സവം പ്രമാണിച്ചുള്ള അവധിയായിരിക്കും. ഒക്ടോബര്‍ 10ന് ദുര്‍ഗാഷ്ടമിയും ദസറയും മഹാസപ്തമിയും പ്രമാണിച്ച് ത്രിപുര, അസം, നാഗാലാന്റ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ഒക്ടോബര്‍ 12ന് രണ്ടാം ശനിയും ദസറയും പ്രമാണിച്ച് രാജ്യവ്യാപകമായും ബാങ്കുകള്‍ അടഞ്ഞുകിടക്കും.
ദുര്‍ഗാപൂജ പ്രമാണിച്ച് ഒക്ടോബര്‍ 14ന് സിക്കിമിലെ ബാങ്കുകള്‍ക്കും അവധിയായിരിക്കും. ഒക്ടോബര്‍ 16ന് ലക്ഷ്മി പൂജയുടെ ഭാഗമായി ത്രിപുരയിലും പശ്ചിമ ബംഗാളിലും ബാങ്കുകള്‍ക്ക് അവധിയായിരിക്കും. വാത്മീകി ജയന്തിയോടനുബന്ധിച്ച് ഒക്ടോബര്‍ 17ന് കര്‍ണാകട, അസം, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും ബാങ്കുകള്‍ക്ക് അവധിയാണ്. ഒക്ടോബര്‍ 26ന് ജമ്മുവിലും ശ്രീനഗറിലും പ്രവേശന ദിനത്തോടനുബന്ധിച്ചുള്ള പ്രാദേശിക അവധിയാണ്.
ഒക്ടോബര്‍ 31ന് ദീപാവലി പ്രമാണിച്ച് രാജ്യവ്യാപകമായും ബാങ്കുകള്‍ അടഞ്ഞുകിടക്കും. ഇത് കൂടാതെ 4 ഞായറാഴ്ചയും ഒരു നാലാം ശനിയും ഉള്‍പ്പെടെ 15 ദിവസം അവധിയായിരിക്കും. പല ഉത്സവങ്ങളും ഞായറാഴ്ചകളിലും രണ്ടാം ശനിയിലുമായതാണ് അവധി ദിനങ്ങളുടെ എണ്ണം 15ല്‍ പരിമിതപ്പെടുത്താന്‍ സഹായിച്ചത്.
CONTENT HIGHLIGHTS: bank holidays in october 2024