ന്യൂദല്‍ഹി: 2018-19 സാമ്പത്തിക വര്‍ഷം രാജ്യത്ത് ബാങ്കിംഗ് മേഖലകളിലെ തട്ടിപ്പുകളില്‍ 74 ശതമാനം വര്‍ധനവുണ്ടായെന്ന് റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ 41,167 കോടി രൂപയുടെ ബാങ്കിങ് തട്ടിപ്പുകളാണ് നടന്നത്. എന്നാല്‍, 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 71,543 കോടി രൂപയായി ഉയര്‍ന്നെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തട്ടിപ്പ് നടക്കുന്ന സമയവും അത് ബാങ്ക് തിരിച്ചറിയുന്ന സമയവും തമ്മില്‍ ശരാശരി 22 മാസത്തിന്റെ വ്യത്യാസമുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കൂടുതല്‍ വിപണി പങ്കാളിത്തമുള്ള പൊതുമേഖലാ ബാങ്കുകളിലാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടക്കുന്നത്. സ്വകാര്യ മേഖലയിലെ ബാങ്കുകളും വിദേശ ബാങ്കുകളും ഇതിന് പിന്നിലാണ്.
തട്ടിപ്പുകളില്‍ വലിയ പങ്കും വായ്പാ തട്ടിപ്പുകളാണ്. ഓഫ് ബാലന്‍സ് ഷീറ്റ് തട്ടിപ്പുകളുടെ വിഹിതം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ്. കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ മൊത്തം തട്ടിപ്പ് തുകയുടെ 0.3 ശതമാനമാണ്.
72 വഞ്ചന, വ്യാജരേഖ കേസുകളാണ് പ്രധാനമായും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒരു ലക്ഷത്തില്‍ താഴെ തുകയുടെ തട്ടിപ്പുകള്‍ മൊത്തം തുകയുടെ 0.1 ശതമാനം മാത്രമാണെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.