ചൈന്നൈ: പഞ്ചാബ് നാഷനല്‍ ബാങ്കിന് പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും വായ്പ്പാ തട്ടിപ്പ്. ചെന്നൈയിലെ ജ്വല്ലറി ഗ്രൂപ്പായ കനിഷ്‌ക് ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എസ്.ബി.ഐയില്‍ നിന്ന് 824.15 കോടി രൂപതട്ടിയെടുത്തെന്നാണ് പരാതി. എസ്.ബി.ഐയുടെ നേതൃത്വത്തില്‍ 14 ബാങ്കുകളടങ്ങുന്ന കണ്‍സോഷ്യമാണ് ഇക്കാര്യത്തില്‍ സി.ബി.ഐയെ സമീപിച്ചിരിക്കുന്നത്. ബാങ്കുകളുടെ പരാതിയില്‍ സി.ബി.ഐ കേസെടുത്തു. ജ്വല്ലറി ഉടമകള്‍ മൗറിഷ്യസിലേക്ക് കടന്നെന്നാണ് കരുതുന്നത്.
2008ലാണ് ഐ.സി.ഐ.സി.ഐയില്‍ നിന്ന് കമ്പനിയുടെ ലോണ്‍ അക്കൗണ്ട് എസ്.ബി.ഐ ഏറ്റെടുത്തത്. എസ്.ബി.ഐയുടെ നേതൃത്വത്തില്‍ 14 ബാങ്കുകള്‍ അടങ്ങുന്ന കണ്‍സോഷ്യമാണ് കമ്പനിക്ക് വായ്പ്പ് അനുവദിച്ചത്. 2017 മുതലാണ് കനഷ്‌ക് തിരിച്ചടവ് മുടക്കിയത്. ആദ്യം എട്ടുബാങ്കുകളിലേക്കും പിന്നീട് 14 ബാങ്കുകള്‍ക്കുമുള്ള തിരിച്ചടവ് മുടക്കി.
തിരിച്ചടവ് മുടങ്ങിയതോടെ കമ്പനിയുടെ ഷോറുമുകളിലും കോര്‍പ്പറേറ്റ് ഓഫിസുകളിലും അധികൃതര്‍ എത്തിയെങ്കിലും എല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. ഇതോടെ കനിഷ്‌ക് കമ്പനി തട്ടിപ്പാണെന്ന് എസ്.ബി.ഐ റിസര്‍വ് ബാങ്കിനെ അറിയിക്കുകയായിരുന്നു.
ഭൂപേഷ് കുമാര്‍ ജെയിന്‍, ഭാര്യ നീത ജെയിന്‍ എന്നിവരാണ് കമ്പനിയുടെ ഡയറക്ടര്‍മാര്‍. ക്രിസ് എന്ന ബ്രാന്‍ഡില്‍ സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിച്ച് വിതരണക്കാരിലൂടെ വില്‍ക്കുന്നതായിരുന്നു കമ്പനിയുടെ രീതി. എന്നാല്‍ 2014ല്‍ കമ്പനി വിതരണക്കാരെ മാറ്റിനിര്‍ത്തി ബിസിനസ് ടു ബിസിനസ് രീതിയിലേക്ക് മാറി.
എസ്.ബി.ഐയെ കൂടാതെ പഞ്ചാബ് നാഷനല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, സിന്‍ഡിക്കേറ്റ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഐ.ഡി.ബി.ഐ ബാങ്ക്, യൂകോ ബാങ്ക്, തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവയാണ് തട്ടിപ്പിന് ഇരയായത്.