| Sunday, 8th March 2020, 10:10 pm

ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി; യെസ് ബാങ്ക് സ്ഥാപകനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് സി.ബി.ഐയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഞായറാഴ്ച അറസ്റ്റ് ചെയ്ത യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് സി.ബി.ഐയും. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് സി.ബി.ഐ റാണയ്ക്ക് മേല്‍ ചുമത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സി.ബി.ഐ ഉടന്‍ മുംബൈയില്‍ റെയ്ഡ് നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കപൂര്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഡോള്‍ട്ട് അര്‍ബന്‍ വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് അനധികൃതമായി 600 കോടി രൂപ സമ്പാദിച്ചുവെന്നാണ് കേസ്.

നേരത്തെ റാണാ കപൂറിന്റെ മകള്‍ രോഷ്‌നി കപൂറിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. ബ്രിട്ടീഷ് എയര്‍വേസില്‍ ഇന്ന് ലണ്ടനിലേക്ക് പോകാനിരിക്കുകയായിരുന്നു രോഷ്‌നി. റാണാ കപൂറിന്റെ ഭാര്യ ബിന്ദുവിനും മക്കളായ രാഖി കപൂറിനും രോഷ്‌നി കപൂറിനും രാധാ കപൂറിനും സാമ്പത്തിക തട്ടിപ്പുമായി ബന്ധമുണ്ടെന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ അറിയിക്കുന്നത്.

അതേസമയം കസ്റ്റഡിയിലെടുത്ത റാണാ കപൂറിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം തുടര്‍ അന്വേഷണം നടത്തുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ആര്‍.ബി.ഐ, യെസ് ബാങ്കിന് മോറട്ടോറിയം ഏര്‍പ്പെടുത്തിയത്.

ഇതോടെ ബാങ്കില്‍നിന്നും പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയാക്കി ചുരുക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വായ്പകള്‍ നല്‍കിയതിനെ തുടര്‍ന്ന് തകര്‍ച്ചയിലായ യെസ് ബാങ്കിന്റെ ഓഹരി വാങ്ങാന്‍ എസ്.ബി.ഐയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടങ്ങുന്ന കണ്‍സോര്‍ഷ്യത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ആര്‍.ബി.ഐയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മൂലധനമുയര്‍ത്താന്‍ കഴിയാത്തതും കിട്ടാക്കടത്തിന്റെ ആധിക്യവുമാണ് യെസ് ബാങ്കിനെ ഓഹരി വില്‍ക്കാന്‍ പ്രേരിപ്പിച്ചത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more