ന്യൂദല്‍ഹി: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ ബാങ്കുകള്‍ ശാഖകള്‍ അടച്ചിടാനൊരുങ്ങുന്നു. ജീവനക്കാരെ കൊവിഡ് ബാധയില്‍നിന്നും സംരക്ഷിക്കാനാണ് തീരുമാനം. പ്രധാന നഗരങ്ങളില്‍ അഞ്ചുകിലോമീറ്ററില്‍ ഒരു ശാഖ മാത്രം തുറന്നാല്‍ മതിയെന്നാണ് തീരുമാനമെന്നാണ് സൂചന.
ഗ്രാമപ്രദേശങ്ങളില്‍ ഭൂരഭാഗം ആളുകളും ബാങ്ക് ശാഖകളെയാണ് എല്ലാ പണമിടപാടുകള്‍ക്കും ആശ്രയിക്കുന്നത്. ഇവിടങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്.
അതേസമയം, ബാങ്ക് ശാഖകള്‍ അടച്ചിട്ടാല്‍ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകള്‍ എങ്ങനെ ജനങ്ങളിലേക്കെത്തിക്കും എന്ന കാര്യത്തില്‍ ആശങ്ക ഉയരുന്നുണ്ട്. ധനമന്ത്രി പ്രഖ്യാപിച്ച ക്ഷേമപെന്‍ഷനുകള്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ബാങ്ക് വഴിയാണ് വിതരണം ചെയ്യുന്നത്. ആനുകൂല്യങ്ങള്‍ ബാങ്ക് വഴി വിതരണം ചെയ്യുമെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയും ചെയ്തിരുന്നു.