| Friday, 27th January 2017, 9:46 pm

ബംഗലൂരുവില്‍ 200 കോടിയുടെ കള്ളപ്പണവേട്ട ; നഗരം സാക്ഷിയായത് നോട്ട് നിരോധനത്തിന് ശേഷമുള്ള ഏറ്റവും വലിയ കള്ളപ്പണവേട്ടയ്ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രതീകാത്മക ചിത്രം

ബംഗലൂരു: ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ നഗരത്തില്‍ പിടിയിലായത് 200 കോടിയിലധികം രൂപയുടെ കള്ളപ്പണം. ബംഗലൂരുവിലെ ഒരു കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് കള്ളപ്പണം കണ്ടെത്തിയത്. സൊസൈറ്റിയുടെ മറവില്‍ സി.ഇ.ഒയുടെ നേതൃത്വത്തില്‍ അനധികൃതമായി ചിട്ടി കമ്പനി നടത്തിയതായും ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.

മല്ലേശ്വരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചിട്ടി കമ്പനിയില്‍ 30000 ത്തോളം അംഗങ്ങളുണ്ട്. ഇവരില്‍ നിന്നുമാണ് 200 കോടിയിലധികം രൂപ ശേഖരിച്ചത്. നോട്ട് നിരോധനത്തിന് മുമ്പും ശേഷവും പണമിടപാട് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. കമ്പനിയ്ക്ക് ബാങ്കിംഗ് രംഗത്തെ ഉന്നതരുമായി അടുത്ത ബന്ധമുള്ളതായും സംശയിക്കുന്നു.

ചിട്ടി കമ്പനിയില്‍ പണം നിക്ഷേപിക്കുന്നവരുടെ പണം ബാങ്കില്‍ സൂക്ഷിക്കാതെ പ്രത്യേകം തയ്യാറാക്കിയ ലോക്കറില്‍ സൂക്ഷിച്ച് വരുകയായിരുന്നു എന്ന് ബംഗലൂരു ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് മൂന്ന് കുടുംബത്തെ ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞതായും നൂറിലധികം പേരെ ഇനിയും ചോദ്യം ചെയ്യാനുമുണ്ടെന്നും ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു

We use cookies to give you the best possible experience. Learn more