ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന കേസിലെ സാക്ഷികള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് കര്‍ണാടക സര്‍ക്കാര്‍.
ഈ ആവശ്യം ഉന്നയിച്ച് എന്‍.ഐ.എ പ്രത്യേക കോടതിയിലാണ് അപേക്ഷ നല്‍കിയത്.
കേസിലെ പ്രതികള്‍ നിരന്തരം സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്നും സാക്ഷികള്‍ക്കൊപ്പം അഭിഭാഷകര്‍ക്കും കോടതിക്കും സുരക്ഷ ഉറപ്പാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
പരാതിയെ തുടര്‍ന്ന് കോടതി തടിയന്റവിട നസീറിന്റെ അഭിഭാഷകരെ താക്കീതു ചെയ്തു. ഇത്തരത്തിലുള്ള നടപടികളുമായി കക്ഷികള്‍ മുന്നോട്ടു പോവുകയാണെങ്കില്‍ അത് കോടതി മുഖവിലക്ക് എടുക്കുമെന്നും ജഡ്ജി അറിയിച്ചു.
ജയിലില്‍ കഴിയുമ്പോഴും നസീര്‍ ഇപ്പോഴും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു നേതൃത്വം നല്‍കുന്നതിന്റെ തെളിവുകള്‍ ഉണ്ടെന്നാണ് പോലീസ് ആരോപിക്കുന്നത്.
സ്‌ഫോടന കേസിലെ സാക്ഷികളെ സ്വാധീനിക്കണമെന്ന് ആവശ്യപ്പെട്ട് തടിയന്റവിട നസീറിന്റെ സഹായിയും പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശിയുമായ ഷഹനാസിന് നല്‍കിയ കത്തുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും പോലീസ് അവകാശപ്പെടുന്നു.
ഷഹനാസിന്റെ വീട് പരിശോധിച്ചപ്പോള്‍ നസീര്‍ എഴുതിയതായി പറയുന്ന അമ്പത് പേജ് വരുന്ന 10 കത്തുകളാണ് കണ്ടെടുത്തതെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.