ധാക്ക: ഇന്ധന വില വര്‍ധനക്കെതിരെ തെരുവിലിറങ്ങി ബംഗ്ലാദേശ് യുവത. ഇന്ധനവിലയില്‍ 50 ശതമാനത്തിലധികം വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
ബംഗ്ലദേശ് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍, പ്രോഗ്രസീവ് സ്റ്റുഡന്‍സ് അലയന്‍സ് ഉള്‍പ്പെടെയുള്ള നിരവധി വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. ശനിയാഴ്ച ഷാബാഗിലെ നാഷണല്‍ മ്യൂസിയത്തിന് മുന്നില്‍ വലിയ പ്രതിഷേധ റാലികളാണ് സംഘടിപ്പിച്ചത്. ഇതുകൂടാതെയും നിരവധി പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചെന്നും
ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
നിലവിലെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവ് തന്നെ സാധാരണ ജനങ്ങള്‍ക്കിടയില്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഇന്ധന വിലയില്‍ പെട്ടന്ന് വര്‍ധനയുണ്ടായത്. സര്‍ക്കാര്‍ പൊതുമുതല്‍ കൊള്ളയടിക്കുന്നതും ദുരുപയോഗം ചെയ്യുന്നതുമാണ് ജനങ്ങളെ ഈ ദുരിതത്തിലേക്ക് നയിച്ചതെന്നാണ് സമര സംഘടനകള്‍ പറയുന്നത്.
ഇന്ധന വില വര്‍ധനയെതുടര്‍ന്ന് രാജ്യതലസ്ഥാനമായ ധാക്കയിലെ നിരവധി ബസുകള്‍ ഞായറാഴ്ച യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കാക്കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയോാട് കൂടിയാണ് സര്‍ക്കാര്‍ ഇന്ധന വില വര്‍ധിപ്പിച്ചത്. ഡീസലിന് ലിറ്ററിന് 34 ബംഗ്ലാദേശ് കറന്‍സിയായ ടക്കയും പെട്രോളിന് 44 ടക്കയുമാണ് വര്‍ധിപ്പിച്ചത്.
അതേസമയം, പെട്ടെന്നുള്ള വില വര്‍ധനവിനെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ പെട്രോള്‍ പമ്പില്‍ തിങ്ങിക്കൂടിയതോടെ സംഘര്‍ഷം ഉണ്ടായതിന്റെ വീഡിയോകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
CONTENT HIGHLIGHTS: Bangladeshi youth took to the streets against fuel price hike