| Sunday, 22nd April 2018, 11:04 am

കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കേസുകളില്‍ വധശിക്ഷ നല്‍കുകയല്ല വേണ്ടത്: തസ്‌ലിമ നസ്‌റിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കേസുകളില്‍ വധശിക്ഷ നല്‍കുകയല്ല വേണ്ടതെന്ന് പ്രമുഖ എഴുത്തുകാരി തസ്‌ലിമ നസ്‌റിന്‍. സമൂഹത്തെ മാറ്റിയെടുക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടതെന്നും മനുഷ്യത്വമാണ് ഇപ്പോഴത്തെ തന്റെ മതമെന്നും തസ്‌ലിമ കോഴിക്കോട് പറഞ്ഞു. “സ്പ്ളിറ്റ് എ ലൈഫ്” എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിന്റെ പ്രകാശന ചടങ്ങിനെത്തിയതായിരുന്നു തസ്ലിമ നസ്റിന്‍.

പുസ്തക പ്രകാശനത്തെ തുടര്‍ന്ന് സാഹിത്യകാരന്‍ ടി.പി രാജീവനുമായി നടന്ന മുഖാമുഖം പരിപാടിയിലാണ് തസ്‌ലിമ മനസു തുറന്നത്. പിഞ്ചുകുട്ടികളെയടക്കം മാനഭംഗപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കുകയല്ല, “സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കുകയാണ് വേണ്ടത്. ബലാത്സംഗം എന്നത് ലൈംഗികമായ പ്രവൃത്തിയല്ല. വിഷലിപ്തമായ ആണത്തത്തിന്റെ പ്രതിഫലനമണ്.” അവര്‍ പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ പീഡനം തടയുന്ന ആയുധമല്ല വധശിക്ഷ. എല്ലാവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. പീഡകര്‍ക്ക് നന്നാവാനുള്ള അവസരം നല്‍കണം. സമൂഹമാണ് പീഡകവീരന്മാരെ സൃഷ്ടിക്കുന്നത്. മാനവികതയാകണം എല്ലാവരുടെയും മതം. മതപരമായ കാര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന രാജ്യങ്ങളില്‍ ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. ഇത് വിരോധാഭാസമാണ്. എന്നാല്‍ വധശിക്ഷയോട് യോജിപ്പില്ലെന്നും തസ്‌ലിമ പറഞ്ഞു.

രാജ്യങ്ങളുടെ അതിര്‍ത്തികളില്‍ വിശ്വാസമില്ല. മറ്റെവിടെയും കിട്ടുന്നതിനെക്കാള്‍ സ്നേഹവും ആദരവും ഇന്ത്യയില്‍ ലഭിക്കുന്നുണ്ട്. അതു കൊണ്ടാണ് ഇന്ത്യയെ സ്നേഹിക്കുന്നതെന്നും തസ്‌ലിമ പറഞ്ഞു.

We use cookies to give you the best possible experience. Learn more