റാഞ്ചി: ബംഗ്ലാദേശികളുടെയും റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെയും കുടിയേറ്റമാണ് ജാര്‍ഖണ്ഡ് നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജംഷഡ്പൂരിലെ ബി.ജെ.പി. റാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ കുടിയേറ്റം ജാര്‍ഖണ്ഡിലെ സന്താല്‍ പര്‍ഗാന, കോല്‍ഹാന്‍ എന്നീ മേഖലകളിലെ ജനസംഖ്യയെയും വ്യക്തികളുടെ സ്വഭാവത്തെയും അതിവേഗം മാറ്റി മറിച്ചതായും അദ്ദേഹം പറഞ്ഞു. ജെ.എം.എമ്മിന്റെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ അവരുടെ രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി ഈ കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നുഴഞ്ഞുകയറ്റക്കാരെ പ്രീണിപ്പിക്കുകയും അവരെ കൂടെനിര്‍ത്തുകയും ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ ആദിവാസി വോട്ടുകള്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചവരാണ് ജെ.എം.എം. എന്നാല്‍, അവരിന്ന് ആദിവാസികളുടെ ഭൂമിയും കുന്നുകളും പിടിച്ചടക്കിയവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. നുഴഞ്ഞുകയറ്റം നിലവില്‍ ജാര്‍ഖണ്ഡില്‍ വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ഇത് സംബന്ധിച്ച പഠനം നടത്താന്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ഒരു സ്വതന്ത്ര സമിതിയെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ടെന്ന കാര്യം സമ്മതിക്കാന്‍ ജെ.എം.എം. സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
സന്താല്‍ പര്‍ഗാന, കോല്‍ഹാന്‍ മേഖലകളില്‍ ബംഗ്ലാദേശില്‍ നിന്നുള്ളവരുടെയും റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെയും നുഴഞ്ഞു കയറ്റം വലിയ ഭീഷണിയായിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ ജനസംഖ്യയിലും വ്യക്തികളുടെ സ്വഭാവത്തിലും ഈ കുടിയേറ്റം വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്.
സന്താല്‍ പല്‍ഗാനയില്‍ ആദിവാസികളുടെ ജനസംഖ്യയില്‍ മാറ്റമുണ്ടായിട്ടുണ്ട്. ഈ മേഖലയില്‍ കുടിയേറ്റക്കാര്‍ ആദിവാസികളുടെ ഭൂമിയും സ്വത്തും കൈയടക്കി. പഞ്ചായത്തുകളും നിയന്ത്രണവും കുടിയേറ്റക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. മേഖലയില്‍ സ്ത്രീകള്‍ക്കെതിരെയാ അതിക്രമങ്ങളും വര്‍ദ്ധിച്ചു. ഗ്രാമങ്ങളിലും നഗരങ്ങളിലും ജനങ്ങള്‍ സുരക്ഷിതരല്ല.
ജെ.എം.എം. കുടിയേറ്റക്കാര്‍ക്കൊപ്പമാണ്. നുഴഞ്ഞുകയറ്റക്കാരും തീവ്രവാദികളും ജെ.എം.എമ്മിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. അത്തരം ആളുകളാണ് ആ പാര്‍ട്ടിയിലേക്ക് ഇപ്പോള്‍ കൂടുതലായും വരുന്നത്. കോണ്‍ഗ്രസിന്റെ പ്രേതം ജെ.എം.എമ്മില്‍ പ്രവേശിച്ചതാണ് ഇതിന് കാരണം. ഏതെങ്കിലും പാര്‍ട്ടിയിലേക്ക് കോണ്‍ഗ്രസിന്റ പ്രേതം പ്രവേശിച്ചാല്‍ പ്രീണനം മാത്രമായിരിക്കും പിന്നീട് ആ പാര്‍ട്ടിയുടെ നയം,’ മോദി പറഞ്ഞു.
ജംഷഡ്പൂരിലെ റാലിയില്‍ കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ജെ.എം.എം. വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചമ്പായ് സോറന്‍, അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ തുടങ്ങിയവര്‍ പങ്കെടുത്തു. ഈ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിരിക്കും ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ്.
content highlights: Bangladeshi, Rohingya migration a threat to Jharkhand: Narendra Modi