ന്യൂദല്‍ഹി: ഇറാനില്‍ ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ തെരുവിലിറങ്ങിയതിന് പിന്തുണയുമായി ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലീമ നസ്‌റീന്‍.
തലയില്‍ നിന്നും ഹിജാബ് വലിച്ചൂരിക്കൊണ്ടും ഹിജാബ് കത്തിച്ചുകൊണ്ടും സ്വന്തം മുടി മുറിച്ചുകൊണ്ടും ഇറാനിലെ സ്ത്രീകള്‍ നയിക്കുന്ന പ്രതിഷേധസമരത്തിനാണ് തസ്‌ലീമ നസ്‌റീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇന്ത്യാ ടുഡേയോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ഹിജാബ് യഥാര്‍ത്ഥത്തില്‍ ഒരു ചോയിസ് അല്ലെന്നും ഇറാനില്‍ നടക്കുന്ന പ്രതിഷേധത്തില്‍ നിന്നും ലോകമെമ്പാടുമുള്ള സ്ത്രീകള്‍ ധൈര്യം ആര്‍ജിച്ചെടുക്കുമെന്നും അവര്‍ പറഞ്ഞു. അടിച്ചമര്‍ത്തലിന്റെ പ്രതീകമായ ഹിജാബിനെതിരെ പ്രതിഷേധിക്കാന്‍ ഇറാനിയന്‍ സ്ത്രീകള്‍ കാണിച്ച ധൈര്യത്തെയും തസ്‌ലീമ നസ്‌റീന്‍ പ്രശംസിച്ചു.
”ഞാന്‍ വളരെ സന്തോഷവതിയാണ്. പ്രതിഷേധ സൂചകമായി ഇറാനിലെ സ്ത്രീകകള്‍ ഹിജാബ് കത്തിക്കുകയും മുടി മുറിക്കുകയും ചെയ്യുന്നത് മനോഹരമായ ദൃശ്യമാണ്.
ലോകത്തിനും എല്ലാ മുസ്‌ലിം സ്ത്രീകള്‍ക്കും ഇത് വളരെ പ്രധാനമാണ്. കാരണം ഹിജാബ് എന്നത് സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന്റെയും അപമാനിക്കുന്നതിന്റെയും പ്രതീകമാണെന്ന് ഞങ്ങള്‍ക്കറിയാം.
ലോകമെമ്പാടുമുള്ള സ്ത്രീകള്‍ ഇതുപോലെ ഹിജാബ് കത്തിച്ചുകൊണ്ട് ഈ സമ്പ്രദായത്തിനെതിരെ പ്രതിഷേധിക്കണം. ഹിജാബ് ധരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവകാശം ഉണ്ടായിരിക്കണം. പക്ഷേ, ആഗ്രഹിക്കാത്ത ആളുകള്‍ക്ക് അത് ധരിക്കാതിരിക്കാനുള്ള അവകാശവും വേണം.
എന്നാല്‍ ഭൂരിഭാഗം കേസുകളിലും ഹിജാബ് ഒരു ചോയിസ് അല്ല. കുടുംബത്തില്‍ നിന്നും മാതാപിതാക്കളില്‍ നിന്നുമുള്ള സമ്മര്‍ദ്ദവും ഭയവും മുസ്‌ലിം സ്ത്രീകളുടെ മാനസികാവസ്ഥ രൂപപ്പെടുത്തുന്നതില്‍ ഒരു പങ്കുവഹിക്കുന്നു.
ബ്രെയിന്‍ വാഷ് ചെയ്യപ്പെട്ടത് കൊണ്ടാണ് ചില സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത്. ഹിജാബ് ധരിച്ചില്ലെങ്കില്‍ തങ്ങളെ മര്‍ദിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു.
മതമൗലികവാദികള്‍ സ്ത്രീകളെ ബുര്‍ഖയും ഹിജാബും ധരിക്കാന്‍ നിര്‍ബന്ധിക്കുകയാണ്. ഹിജാബ് എന്നത് ഇപ്പോള്‍ ഒരു മതപരമായ വസ്ത്രമല്ല, അതൊരു രാഷ്ട്രീയ ഹിജാബാണ്.
ആയിരക്കണക്കിന് സ്ത്രീകള്‍ ഹിജാബ് ധരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല, ഇറാനിലെ പ്രതിഷേധം ഈ സ്ത്രീകളെ പ്രോത്സാഹിപ്പിക്കും. ധീരരായ ഇറാനിയന്‍ വനിതകളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു,” തസ്‌ലീമ നസ്‌റീന്‍ പറഞ്ഞു.
അതേസമയം, ഇറാനില്‍ 22കാരിയായ മഹ്സ അമിനി മരിച്ചതില്‍ പ്രതിഷേധം ശക്തമാകുകയാണ്. സ്ത്രീകള്‍ കൂട്ടത്തോടെ തെരുവിലിറങ്ങുകയും പ്രതിഷേധ സൂചകമായി തങ്ങളുടെ തലയില്‍ നിന്നും ഹിജാബ് വലിച്ചൂരുകയും കത്തിക്കുകയും മുടി മുറിക്കുകയും ചെയ്തു.
Women of Iran-Saghez removed their headscarves in protest against the murder of Mahsa Amini 22 Yr old woman by hijab police and chanting:
ഹിജാബ് ധരിക്കാതിരിക്കുന്നത് ഇറാനിലെ നിയമപ്രകാരം ശിക്ഷ ലഭിക്കേണ്ട കുറ്റമാണെന്നിരിക്കെയാണ് സ്ത്രീകള്‍ പ്രതിഷേധിക്കുന്നത്. ഏകാധിപതി മരിക്കട്ടെ (Death to Dictator) എന്ന മുദ്രാവാക്യവും പ്രതിഷേധത്തിനിടെ സമരക്കാര്‍ ഉയര്‍ത്തുന്നുണ്ട്. ഇറാനിലെ ‘സദാചാര പൊലീസി’നെതിരെയും (ഗൈഡന്‍സ് പട്രോള്‍) വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഇറാനിലേത് ‘ഗൈഡന്‍സ് പട്രോള്‍’ അല്ല ‘മര്‍ഡര്‍ പട്രോള്‍’ ആണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ‘മര്‍ഡര്‍ പട്രോള്‍’ എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് പലരും ട്വിറ്ററിലൂടെ പ്രതിഷേധമറിയിക്കുന്നത്.
വസ്ത്രധാരണത്തിന്റെ പേരില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ വെള്ളിയാഴ്ചയാണ് മഹ്സ കൊല്ലപ്പെട്ടത്. ടെഹ്റാനിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്.
വാനില്‍ വെച്ച് മഹ്‌സയെ പൊലീസ് മര്‍ദിച്ചതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു.
പൊലീസ് മര്‍ദനമേറ്റ ഇവരെ കോമയിലായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു മരണം. ശരിയായ രീതിയില്‍ വസ്ത്രം ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അമിനിയെ സദാചാര പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്തതിന് പിന്നാലെ മഹ്സയ്ക്ക് പൊലീസില്‍ നിന്നും തലയ്ക്ക് മര്‍ദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് ആരോപണം.
സംഭവത്തില്‍ ഇറാനിയന്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാജ്യത്ത് മതപരമായ വസ്ത്രധാരണമടക്കം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ‘ഗൈഡന്‍സ് പട്രോള്‍’ എന്ന വിഭാഗത്തെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. സദാചാര പൊലീസ്, ഫാഷന്‍ പൊലീസ് എന്നീ പേരുകളിലും ഈ വിഭാഗം അറിയപ്പെടുന്നുണ്ട്. നേരത്തെയും ഇറാനിലെ ഗൈഡന്‍സ് പട്രോളിന്റെ നടപടികള്‍ രാജ്യാന്തരതലത്തില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.