കൊല്‍ക്കത്ത: ബംഗ്ലാദേശി നടന്‍ ഫര്‍ദസ് അഹമ്മദിന്റെ ബിസിനസ് വിസ ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ഫര്‍ദസ് അഹമ്മദിനോട് ഇന്ത്യ വിടാനും ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചു. വെസ്റ്റ് ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്ത് വിസ പരിധി ലംഘിച്ചതിന് പിന്നാലെയാണ് നടപടി.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ റോഡ് ഷോയില്‍ അഹമ്മത് പങ്കെടുത്തത് വിവാദമായതോടെ ആഭ്യന്തര മന്ത്രാലയം എമിഗ്രഷന്‍ ബ്യൂറോയോട് റിപ്പോര്‍ട്ട് തേടി.
തിങ്കളാഴ്ച്ച നടന്‍ നോര്‍ത്ത് ദിനജ്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്തിരുന്നു. ഇതോടെ ഫര്‍ദസ് അഹമ്മദ് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് കാണിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയായിരുന്നു. ബി.ജെ.പി നേതാക്കളായ സിസിര്‍ ബജോരിയയും ജയപ്രകാശ് മസൂംദാറും വെസ്റ്റ് ബംഗാള്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥനെ സമീപിക്കുകയും ഇതില്‍ നടപടി ആവശ്യപ്പെടുകയുമായിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കനയ്യലാല്‍ അഗര്‍വാളിന്റെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് നടന്‍ പങ്കെടുത്തത്.