ന്യൂദല്‍ഹി: വിരാട് കോഹ്‌ലിയില്ലാത്ത പരമ്പരയില്‍ ഇന്ത്യക്കു പരാജയത്തോടെ തുടക്കം. അതേസമയം ഷാക്കിബ് അല്‍ ഹസനില്ലാത്ത പരമ്പരയില്‍ മൂന്നു പന്ത് ശേഷിക്കെ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയമായിരുന്നു ബംഗ്ലാദേശ് ദല്‍ഹിയില്‍ നേടിയത്.
ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തിന്റെ ഒരു ഘട്ടത്തിലും മേല്‍ക്കൈ നേടാന്‍ ഇന്ത്യക്കായില്ല. 149 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഒരു ഘട്ടത്തിലും പതറാതെയാണ് വിജയം കണ്ടത്.
ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചതുമുതല്‍ ക്യാപ്റ്റന്‍ മഹ്മുദുള്ള എടുത്ത തീരുമാനങ്ങളോടു നീതി പുലര്‍ത്താന്‍ ബംഗ്ലാദേശ് ടീമിനായി. ഇന്ത്യയെ താരതമ്യേന ചെറിയ സ്‌കോറായ 148-ലേക്കൊതുക്കാന്‍ അവര്‍ക്കായി. ആറ് വിക്കറ്റാണ് ഇന്ത്യക്കു നഷ്ടപ്പെട്ടത്.
ശിഖര്‍ ധവാന്‍ (41), ഋഷഭ് പന്ത് (27), ശ്രേയസ്സ് അയ്യര്‍ (22) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഷഫിയുള്‍ ഇസ്‌ലാം, അമിനുള്‍ ഇസ്‌ലാം എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മൊസ്സാദെക് ഹൊസെയ്ന്‍ ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനു തുടക്കത്തില്‍ പാളി. ആദ്യ ഓവറിലെ അവസാന പന്തില്‍ ലിട്ടണ്‍ ദാസ് പവലിയനിലെത്തി. എന്നാല്‍ പിന്നീട് ഒരുഘട്ടത്തിലും അവര്‍ക്കു തിരിച്ചുനോക്കേണ്ടി വന്നില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പുറത്താകാതെ നിന്ന മുഷ്ഫിഖുര്‍ റഹിം (60), സൗമ്യ സര്‍ക്കാര്‍ (39), മുഹമ്മദ് നയിം (26) എന്നിവരാണ് ബംഗ്ലാദേശ് നിരയില്‍ തിളങ്ങിയത്. ഇന്ത്യക്കു വേണ്ടി ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.