ധാക്ക: അടുത്ത പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപേക്ഷിക്കുമെന്ന സുപ്രധാന തീരുമാനവുമായി ബംഗ്ലാദേശ്. 2024 ജനുവരിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിക്കില്ലെന്ന് ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.
ബി.എന്‍.പി അടക്കമുള്ള പ്രധാന പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇ.വി.എം ഉപയോഗത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് ഇന്ത്യ ന്യൂസ് സ്ട്രീം റിപ്പോര്‍ട്ട് ചെയ്തു.
‘ പുതിയ യന്ത്രങ്ങള്‍ വാങ്ങുന്നതിനും പഴയത് പുതുക്കിപ്പണിയുന്നതിനും സര്‍ക്കാരിന്റെ ഫണ്ടിനുള്ള അഭാവമാണ് ഈ തീരുമാനത്തിന് പിന്നില്‍. അതിനാല്‍ ബംഗ്ലാദേശിലെ 300 മണ്ഡലങ്ങളിലും ഉള്ള തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലും ട്രാന്‍സ്പരന്റ് ബാലറ്റ് ബോക്‌സിലുമായിരിക്കും നടത്തുക,’ ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി ജഹാങ്കീര്‍ ആലം പറഞ്ഞുവെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്തു.
150 മണ്ഡലങ്ങളില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പദ്ധതിയിട്ടിരുന്നു.
ഇലക്ട്രിക് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ ഈ മെഷീന്‍ ഉപയോഗിച്ചാണ് മറ്റ് രാജ്യങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതെന്നും കൃഷി മന്ത്രി മുഹമ്മദ് റസാഖ് അറിയിച്ചതായി ഏഷ്യാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.