നൂറ്റാണ്ടിന്റെ അട്ടിമറി; ലോകചാമ്പ്യന്‍മാര്‍ വെറും കോമഡിയായി; പുതുചരിത്രം സൃഷ്ടിച്ച് ബംഗ്ലാദേശ്
Sports News
നൂറ്റാണ്ടിന്റെ അട്ടിമറി; ലോകചാമ്പ്യന്‍മാര്‍ വെറും കോമഡിയായി; പുതുചരിത്രം സൃഷ്ടിച്ച് ബംഗ്ലാദേശ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 14th March 2023, 8:22 pm

തങ്ങളുടെ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ റെഡ് മാര്‍ക് വീഴ്ത്തിയ പര്യടനമാണ് ഇംഗ്ലണ്ട് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ബംഗ്ലാദേശ് പര്യടനത്തിലെ ടി-20 പരമ്പരയാണ് ത്രീ ലയണ്‍സ് സ്വപ്‌നത്തില്‍ പോലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്തതായി മാറിയിരിക്കുന്നത്.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്ന് ടി-20 മത്സരങ്ങളും വിജയിച്ച് ഇംഗ്ലണ്ടിനെ വൈറ്റ് വാഷ് ചെയ്താണ് ബംഗ്ലാ കടുവകള്‍ വിജയം ആഘോഷിച്ചത്. മിര്‍പൂരിലെ മൂന്നാം മത്സരത്തില്‍ 16 റണ്‍സിനായിരുന്നു ചാമ്പ്യന്‍മാരുടെ തോല്‍വി.

ആദ്യ രണ്ട് മത്സരത്തിലും തോറ്റ് പരമ്പര അടിയറ വെച്ച ഇംഗ്ലണ്ട് മുഖം രക്ഷിക്കാനെങ്കിലും വിജയം മാത്രം ലക്ഷ്യമിട്ടായിരുന്നു കളത്തിലിറങ്ങിയത്. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

തുടക്കം മുതല്‍ക്കുതന്നെ ആക്രമിച്ചു കളിച്ച ബംഗ്ലാദേശ് ഇംഗ്ലണ്ട് ബൗളര്‍മാരെ നിരന്തരം പരീക്ഷിച്ചുകൊണ്ടിരുന്നു. ആദ്യ വിക്കറ്റില്‍ ഫിഫ്റ്റി പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയ ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് ബംഗ്ലാദേശിന് നല്‍കിയത്.

ടീം സ്‌കോര്‍ 55ല്‍ നില്‍ക്കവെ 24 റണ്‍സുമായി റോണി താലൂക്ദാര്‍ പുറത്തായി. പിന്നാലെയെത്തിയ നജ്മുല്‍ ഹുസൈന്‍ ഷാന്റോയെ കൂട്ടുപിടിച്ചായി ഓപ്പണര്‍ ലിട്ടണ്‍ ദാസിന്റെ ആറാട്ട്.

ബംഗ്ലാദേശ് സ്‌കോര്‍ 139ല്‍ നില്‍ക്കവെയാണ് ലിട്ടണ്‍ ദാസ് പുറത്താകുന്നത്. 57 പന്തില്‍ നിന്നും പത്ത് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 73 റണ്‍സ് നേടിയാണ് ദാസ് പുറത്തായത്.

നാലാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസനെ ഒരു വശത്ത് നിര്‍ത്തി ഷാന്റോ അടി തുടര്‍ന്നു. 36 പന്തില്‍ നിന്നും പുറത്താകാതെ 47 റണ്‍സാണ് ഷാന്റോ സ്വന്തമാക്കിയത്. ആറ് പന്തില്‍ നിന്നും നാല് റണ്‍സുമായി ഷാകിബും പുറത്താകാതെ നിന്നു.

ഒടുവില്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്.

159 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് അഞ്ച് റണ്‍സിന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഫില്‍ സോള്‍ട്ടിനെ ഗോള്‍ഡന്‍ ഡക്കായാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

എന്നാല്‍ ഓപ്പണര്‍ ഡേവിഡ് മലനൊപ്പം ക്യാപ്റ്റന്‍ ജോസ് ബട്‌ലറും എത്തിയതോടെ കഥ മാറി. ഒന്നിനുപിന്നാലെ ഒന്ന് എന്ന നിലയില്‍ ബൗണ്ടറികള്‍ പിറന്നതോടെ സ്‌കോര്‍ ഉയര്‍ന്നു. 14ാം ഓവറിന്റെ ആദ്യ പന്തില്‍ അര്‍ധ സെഞ്ച്വറിയുമായി മലന്‍ പുറത്തായി. 47 പന്തില്‍ നിന്നും 53 റണ്‍സാണ് താരം സ്വന്തമാക്കിയത്.

തൊട്ടടുത്ത പന്തില്‍ 40 റണ്‍സ് നേടിയ ബട്‌ലറും പുറത്തായതോടെ പിന്നീടെല്ലാം ചടങ്ങ് മാത്രമായി. ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 142 റണ്‍സില്‍ ഇംഗ്ലണ്ട് പോരാട്ടം അവസാനിപ്പിച്ചു.

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര വൈറ്റ് വാഷ് ചെയ്ത് സ്വന്തമാക്കാനും ബംഗ്ലാദേശിനായി. ഇംഗ്ലണ്ടിനെതിരെ ക്രിക്കറ്റിന്റെ ഏതെങ്കിലും ഒരു ഫോര്‍മാറ്റിലെ ബംഗ്ലാദേശിന്റെ ആദ്യ പരമ്പര വിജയമാണിത്.

ലിട്ടണ്‍ ദാസിനെയാണ് മൂന്നാം മത്സരത്തിന്റെ താരമായി തെരഞ്ഞെടുത്തത്. മൂന്ന് മത്സരത്തിലും ബംഗ്ലാദേശിന്റെ നെടുംതൂണായ നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് മാന്‍ ഓഫ് ദി സീരീസ്.

 

 

Content highlight: Bangladesh whitewashes England to win the t20 series