ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ഏകദിന പരമ്പരയില്‍ ബംഗ്ലാദേശിന് മുന്‍തൂക്കം. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ 40 റണ്‍സിന് തോല്‍പിച്ചാണ് ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്. ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമപ്രകാരമാണ് ബംഗ്ലാദേശിന്റെ വിജയം. ഇതോടെ ടി-20 പരമ്പര നഷ്ടപ്പെട്ടതിന്റെ സങ്കടം ഏകദിന പരമ്പര നേടി തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് ബംഗ്ലാദേശ്.
ബംഗ്ലാദേശിനെ സംബന്ധിച്ച് ഈ വിജയം അല്‍പം സ്‌പെഷ്യലുമാണ്. ചരിത്രത്തിലാദ്യമായാണ് 50 ഓവര്‍ ഫോര്‍മാറ്റില്‍ ബംഗ്ലാദേശ് ഇന്ത്യയെ പരാജയപ്പെടുത്തുന്നത്.
ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
മിര്‍പൂരില്‍ നടന്ന മത്സരത്തില്‍ മഴ കളിച്ചപ്പോള്‍ കാര്യങ്ങള്‍ ഇന്ത്യയെ തുണച്ചില്ല. ആതിഥേയരുടെ പോരാട്ടവീര്യത്തിന് മുമ്പില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ അടിയറവ് പറയുകയായിരുന്നു.
ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മഴമൂലം 44 ഓവറായി ചുരുക്കിയ മത്സരത്തില്‍ താരതമ്യേന ചെറിയ സ്‌കോറില്‍ ബംഗ്ലാദേശിന് പിടിച്ചുനിര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. 43 ഓവറില്‍ ബംഗ്ലാദേശിനെ 152 റണ്‍സിന് ഓള്‍ ഔട്ടാക്കിയാണ് ഇന്ത്യന്‍ ബാളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്.
64 പന്തില്‍ 39 റണ്‍സ് നേടിയ ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 45 പന്തില്‍ 27 റണ്‍സ് നേടിയ ഫര്‍ഗാന ഹഖാണ് ബംഗ്ലാ ടോട്ടലിലേക്ക് സംഭാവന നല്‍കിയ മറ്റൊരു താരം.
ഇന്ത്യക്കായി അംജോത് കൗര്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദേവിക വൈദ്യ രണ്ടും ദീപ്തി ശര്‍മ ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. ബംഗ്ലാ ബൗളര്‍മാരുടെ കരുത്തില്‍ മികച്ച സ്‌കോര്‍ നേടാനോ കൂട്ടുകെട്ട് പടുത്തുയര്‍ത്താനോ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് സാധിച്ചിരുന്നില്ല. 40 പന്തില്‍ നിന്നും 20 റണ്‍സ് നേടിയ ദീപ്തി ശര്‍മയാണ് ടീമിന്റെ ടോപ് സ്‌കോറര്‍.
ബംഗ്ലാദേശിനായി മാറുഫ അക്തര്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റബേയ ഖാതൂന്‍ മൂന്ന് വിക്കറ്റും നേടി. നാദിയ അക്തര്‍, സുല്‍ത്താന ഖാതൂന്‍ എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം അവസാനിക്കുമ്പോള്‍ 1-0 എന്ന ലീഡ് നേടാനും ബംഗ്ലാദേശിനായി. ജൂലൈ 19നാണ് പരമ്പരയിലെ അടുത്ത മത്സരം. ഷേര്‍ ഇ ബംഗ്ലയാണ് വേദി.
Content Highlight: Bangladesh W defeats India W for the first time