ഓഗസ്റ്റ് 21ന് പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര തുടങ്ങാനിരിക്കുകയാണ്. ആഗസ്റ്റ് 21 മുതല്‍ 25 വരെ റാവല്‍പിണ്ടിയിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ കറാച്ചി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്.
കഴിഞ്ഞ കുറച്ച് കാലങ്ങളായി ക്രിക്കറ്റ് ലോകത്ത് മോശം പ്രകടനമാണ് പാകിസ്ഥാന്‍ കാഴ്ചവെക്കുന്നത്. 2023 ഏകദിന ലോകകപ്പിലും 2024 ടി-20 ലോകകപ്പിലും പാകിസ്ഥാന് ഗ്രൂപ്പ് ഘട്ടംപോലും താണ്ടാന്‍ സാധിച്ചില്ലായിരുന്നു. നിലവില്‍ പാകിസ്ഥാന്റെ മുഖ്യ പരിശീലകന്‍ ഗാരി കിര്‍സ്റ്റന്റെ കീഴില്‍ വമ്പന്‍ തയ്യാറെടുപ്പിലാണ് ടീം. 2025 ചാമ്പ്യന്‍ ട്രോഫിക്ക് മുന്നോടിയായി ശക്തമായ തിരിച്ച് വരവിനാണ് ടീം ലക്ഷ്യമിടുന്നത്.
മാത്രമല്ല 2021 മുതല്‍ ഒരു ഹോം ടെസ്റ്റ് മത്സരത്തില്‍ പാകിസ്ഥാന് വിജയിക്കാന്‍ സാധിച്ചിട്ടില്ല എന്ന നാണക്കേടും പാകിസ്ഥാനുണ്ട്. ബംഗ്ലാദേശിനെതിരെ മിന്നും വിജയത്തില്‍ കുറഞ്ഞതൊന്നും പാകിസ്ഥാന്‍ പ്രതീക്ഷിക്കുന്നില്ല. അതേസമയം ബംഗ്ലാദേശ് രണ്ടും കല്‍പ്പിച്ചാണ് കളത്തിലിറങ്ങുന്നത്. പാകിസ്ഥാന്‍ പരമ്പര കഴിഞ്ഞാല്‍ ഇന്ത്യയുമായിട്ടുള്ള പരമ്പരയാണ് ബംഗ്ലാദേശിനുള്ളത്.