| Friday, 21st September 2018, 8:20 am

ഓള്‍ റൗണ്ടര്‍ പ്രകടനവുമായി റാഷിദ് ഖാന്‍; ബംഗ്ലാദേശിനേയും തകര്‍ത്ത് അഫ്ഗാനിസ്താന്‍ സൂപ്പര്‍ ഫോറില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ 136 റണ്‍സിന് തോല്‍പ്പിച്ച് അഫ്ഗാനിസ്താന്‍ സൂപ്പര്‍ ഫോറിലേക്ക്. അഫ്ഗാനിസ്താന്റെ 255 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ബംഗ്ലാദേശ് 42.1 ഓവറില്‍ 119 റണ്‍സിന് പുറത്തായി.

ഹഷ്മത്തുള്ള ഷാഹിദി (58), ഗുല്‍ബാദിന്‍ നയീബ് (42 നോട്ടൗട്ട്), റാഷിദ് ഖാന്‍ (57 നോട്ടൗട്ട്) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് അഫ്ഗാനെ പൊരുതാനുള്ള സ്‌കോറിലെത്തിച്ചത്.


Read Also : പുതുക്കിയ ഫിഫ റാങ്കിങ് പുറത്ത്; ബെല്‍ജിയവും ഫ്രാന്‍സും ഒന്നാമത്


മറുപടി ബാറ്റിങ്ങില്‍ തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടപ്പെട്ട ബംഗ്ലാദേശിന് ഒരു ഘട്ടത്തിലും ജയപ്രതീക്ഷ ഉണര്‍ത്താനായില്ല. 32 റണ്‍സെടുത്ത ഷാകിബ് അല്‍ ഹസനാണ് ബംഗ്ലാ നിരയില്‍ ടോപ് സ്‌കോറര്‍. മഹമൂദുല്ല (27) മൊസദിക് ഹൊസയിന്‍ (26) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റ്സ്മാന്മാര്‍.

57 റണ്‍സുമായി അഫ്ഗാനിസ്താനെ ആദ്യം ബാറ്റുകൊണ്ട് രക്ഷിച്ച റാഷിദ് ഖാന്‍ ഒമ്പത് ഓവറില്‍ 13 റണ്‍സിന് രണ്ടുവിക്കറ്റ് വീഴ്ത്തി ബൗളിങ്ങിലും തിളങ്ങി. റാഷിദാണ് കളിയിലെ താരം. 32 പന്തില്‍ 8 ബൗണ്ടറിയും 1 സിക്‌സും സഹിതം അര്‍ധ ശതകം നേടിയ് റഷീദ് ഖാന്‍ തന്റെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചു.

ശ്രീലങ്കയെയും ബംഗ്ലാദേശിനേയും തോല്‍പ്പിച്ച് അഫ്ഗാന്‍ ഗ്രൂപ്പ് ജേതാക്കളായി സൂപ്പര്‍ഫോറിലേക്ക് മുന്നേറി. ബംഗ്ലാദേശും അവസാന അവസാന നാലിലെത്തി.

26-ാം ഓവറില്‍ നാലുവിക്കറ്റിന് 101 എന്ന നിലയിലായിരുന്ന അഫ്ഗാനിസ്താനെ മധ്യനിര ബാറ്റ്സ്മാന്‍മാര്‍ ക്ഷമയോടെ ബാറ്റുവീശി 255 റണ്‍സിലെത്തിച്ചു.

പിരിയാതെ നിന്ന എട്ടാം വിക്കറ്റില്‍ ഗുല്‍ബാദിന്‍ നയീബും റഷീദ് ഖാനും ചേര്‍ന്ന് 95 റണ്‍സാണ് അടിച്ചെടുത്തത്. അതും 9.1 ഓവറില്‍. ഈ കൂട്ടുകെട്ട് അഫ്ഗാനിസ്താനെ അപ്രതീക്ഷിത ടോട്ടലിലെത്തിച്ചു.

We use cookies to give you the best possible experience. Learn more