ഗുവാഹത്തി: ബംഗ്ലാദേശിലെ അശാന്തി വടക്കുകിഴക്കൻ അതിർത്തികളിലൂടെ ഇന്ത്യയിലേക്കുള്ള മുസ്‌ലിങ്ങളുടെ ഒഴുക്ക് വർധിപ്പിച്ചെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 50ഓളം മുസ്‌ലിം കുടിയേറ്റക്കാരെ അസമിൽ നിന്ന് അറസ്റ്റ് ചെയ്യുകയോ തിരിച്ചയക്കുകയോ ചെയ്തിട്ടുണ്ടെന്നും ഹിമന്ത കൂട്ടിച്ചേർത്തു.
‘അവരിൽ മിക്കവരും ടെക്സ്റ്റൈൽ വ്യവസായങ്ങളിൽ ജോലി ചെയ്യുന്നവരാണ്. കലാപം മൂലം ബംഗ്ലാദേശിലെ ടെക്സ്റ്റൈൽ വ്യവസായങ്ങൾ പലതും പ്രവർത്തനം നിർത്തിയതിനാൽ അവർ ഇന്ത്യയിലേക്ക് പലായനം ചെയ്തു. മിക്കവരും തമിഴ്നാട്ടിലെ കോയമ്പത്തൂരിലേക്ക് ടെക്സ്റ്റൈൽ വ്യവസായത്തിൽ ജോലിചെയ്യാൻ പോവുകയായിരുന്നു. എന്നാൽ ഇങ്ങനെ വരുന്നവരുടെ അസ്തിത്വം എന്താണെന്ന് പരിശോധിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് കത്തെഴുത്തും,; ശർമ മാധ്യമങ്ങളോട് പറഞ്ഞു.
ബംഗ്ലാദേശിൽ അശാന്തി ഉണ്ടെങ്കിൽ പോലും ഹിന്ദുക്കൾ ആരും ആസാമിലേക്ക് കുടിയേറുന്നില്ലെന്നും ശർമ കൂട്ടിച്ചേർത്തു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ദക്ഷിണ അസമിലെ കരിംഗഞ്ചിൽ നിന്ന് മൂന്ന് കുടിയേറ്റക്കാരെ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ഇത്തരം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ റെയിൽവേ സ്റ്റേഷനുകളിലും കരിംഗഞ്ചിലെ മറ്റ് സ്ഥലങ്ങളിലും കൂടുതൽ പോലീസുകാരെ വിന്യസിക്കുമെന്നും ശർമ കൂട്ടിച്ചേർത്തു.
അയൽരാജ്യമായ ബംഗ്ലാദേശിൽ നിന്ന് അസമിലേക്ക് മുസ്‌ലിങ്ങൾ അനധികൃതമായി കുടിയേറിയതുമൂലം ജനസംഖ്യാപരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അത് ഉയർത്തിക്കാട്ടാൻ തൻ്റെ സർക്കാർ ഉടൻ ഒരു ധവളപത്രം പുറത്തിറക്കുമെന്ന് ശർമ്മ പറഞ്ഞു. 28,000 പോളിങ് ബൂത്തുകളിൽ 19,000 എണ്ണത്തിലും ജനസംഖ്യാപരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ശർമ പറഞ്ഞു.
കഴിഞ്ഞ ദിവസം മിയ മുസ്‌ലിങ്ങളെ അസം കീഴടക്കാൻ താൻ അനുവദിക്കില്ലെന്ന വിവാദ പരാമർശം ഹിമന്ത നടത്തിയിരുന്നു. അടുത്തിടെ നാഗോണിൽ 14 വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ക്രമസമാധാന നില ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ അടിയന്തര പ്രമേയം കൊണ്ടുവന്നിരുന്നു. അതേക്കുറിച്ച് നിയമസഭയിൽ സംസാരിക്കവെയായിരുന്നു ഹിമന്തയുടെ വിവാദ പരാമർശം.
Content Highlight: Bangladesh unrest increased influx of Muslims into India: Assam CM Himanta