ധാക്ക: ബംഗ്ലാദേശ് അംപയര്‍ മൊനിറുസ്സമാന്‍ അംപയറിംഗ് രാജിവെച്ചു. ധാക്ക പ്രീമിയര്‍ ലീഗിനിടെ ബംഗ്ലാദേശിന്റെ ഗാസി ടാങ്ക് താരം മഹ്‌മ്മദുള്ളയുടെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് നടപടി.
നേരത്തെ സംഭവത്തില്‍ മഹ്‌മ്മദുള്ളയ്ക്ക് 17500 ഇന്ത്യന്‍ രൂപ പിഴ ചുമത്തിയിരുന്നു.
പ്രൈം ബാങ്ക് ക്രിക്കറ്റ് ക്ലബിനെതിരായ മത്സരത്തിനിടെയായിരുന്നു മഹ്‌മ്മദുള്ളയുടെ മോശം പെരുമാറ്റം. ടി.വി. അംപയറായ മൊനിറുസ്സമാന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മൈതാനത്ത് കിടക്കുകയായിരുന്നു മഹ്‌മ്മദുള്ള ചെയ്തത്.
അതേസമയം മഹ്‌മ്മദുള്ളയുടെ പെരുമാറ്റം അതിരുകടന്നതാണെന്നും അംഗീകരിക്കാനാകില്ലെന്നും മൊനിറുസ്സമാന്‍ പറഞ്ഞു.
‘എന്റെ രാജി തീരുമാനത്തിന് പിന്നില്‍ മഹ്‌മ്മദുള്ളയാണ്. എനിക്കിനിയും അംപയറിംഗ് ജോലിയില്‍ തുടരാനാകില്ല. അംപയര്‍മാര്‍ക്ക് തെറ്റുപറ്റാം. എന്നാല്‍ ഇങ്ങനെയല്ല അതിനെ കൈകാര്യം ചെയ്യേണ്ടത്. ഞാന്‍ ഈ ജോലി ചെയ്യുന്നത് പണത്തിന് വേണ്ടിയല്ല,’ മൊനിറുസ്സമാന്‍ പറഞ്ഞു.
ഐ.സി.സിയുടെ എമേര്‍ജിംഗ് പാനലില്‍ ഇടം നേടിയിട്ടുള്ള അംപയറാണ് മൊനിറുസ്സമാന്‍.