സ്വന്തം മണ്ണില്‍ മാത്രം അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന താരങ്ങള്‍ വാഴ്ത്തപ്പെടുന്ന കാലത്ത്, ചിറ്റഗോങ്ങിലും ധാക്കയിലും മാത്രമല്ല, ഓവലിലും ജൊഹാനസ്ബര്‍ഗിലും മുംബൈയിലുമൊക്കെ ഒരേ നിലവാരം പ്രകടിപ്പിക്കുന്ന ഷാക്കിബിനെപ്പോലുള്ളവര്‍ ചര്‍ച്ച ചെയ്യപ്പെടണം.
12 വര്‍ഷം മുന്‍പ്, അതായത് കരീബിയന്‍ മണ്ണില്‍ നടന്ന 2007-ലെ ഏകദിന ലോകകപ്പില്‍ ആദ്യമത്സരത്തിന് തയ്യാറെടുക്കുമ്പോള്‍ ഇന്നു കാണുന്ന പ്രതാപമൊന്നും ബംഗ്ലാദേശ് കൈവരിച്ചിരുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തങ്ങളുടേതായ സ്ഥാനം കൈവരിക്കാന്‍ ബംഗ്ലാദേശ് കിണഞ്ഞു പരിശ്രമിക്കുന്ന കാലമായിരുന്നു അത്.
ആദ്യ മത്സരമാകട്ടെ, ലോകകപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ഇന്ത്യയുമായി. അതും ഇതിഹാസങ്ങളുടെ നീണ്ട നിരയുമായി ലോകകപ്പിനെത്തിയ ടീമും. ഏകദിനത്തില്‍ പതിനായിരത്തിലധികം റണ്‍സ് നേടിനില്‍ക്കുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വന്‍മതില്‍ രാഹുല്‍ ദ്രാവിഡ്, തന്റേതായ ദിവസം ഏത് ബൗളറെയും തച്ചുടയ്ക്കാന്‍ ശേഷിയുള്ള വീരേന്ദര്‍ സെവാഗ്, സ്പിന്‍ പ്രതിഭ ഹര്‍ഭജന്‍ സിങ്, ആക്രമണാത്മക ബാറ്റിങ്ങിന് പുതിയ മാനം നല്‍കി അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന മഹേന്ദ്രസിങ് ധോനി.. അങ്ങനെ വലിയൊരു നിരയായിരുന്നു അന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ ഇന്ത്യക്ക് ഒരു വാക്കോവറിന് അപ്പുറത്തേക്കു മത്സരത്തിനൊരു സാധ്യത കല്‍പ്പിക്കാന്‍ ക്രിക്കറ്റ് വിഗദ്ധര്‍ പോലും തയ്യാറായിരുന്നില്ല.
അപ്പുറത്താകട്ടെ, ഇന്ന് ബംഗ്ലാദേശിന്റെ നെടുംതൂണുകളായ ഷാക്കിബ് അല്‍ ഹസന്‍, തമീം ഇഖ്ബാല്‍, മുഷ്ഫിഖുര്‍ റഹീം എന്നിവര്‍ ആദ്യമായി ഒരു ലോകകപ്പില്‍ കളിക്കുന്നു. ഇന്നത്തെ ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍ത്താസയാകട്ടെ, 2003-ലെ ഏകദിന ലോകകപ്പില്‍ രണ്ടു മത്സരങ്ങള്‍ കളിച്ചതിന്റെ പരിചയസമ്പത്തില്‍ നില്‍ക്കുന്നു. ഇന്ത്യയുടെ ഇതിഹാസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പരിചയസമ്പത്തിന്റെ കണിക പോലുമില്ലാത്ത ടീം ഇലവന്‍. പക്ഷേ മത്സരത്തില്‍ ആദ്യം പറഞ്ഞ മൂന്നുപേര്‍, ഷാക്കിബ്, തമീം ഇഖ്ബാല്‍, റഹീം എന്നിവര്‍ അര്‍ധസെഞ്ച്വറികള്‍ നേടുന്നു. മൊര്‍ത്താസയാകട്ടെ, ഇന്ത്യയുടെ താരനിരയെ തകര്‍ത്ത് നാല് വിക്കറ്റ് വീഴ്ത്തുന്നു. ചരിത്രവിജയത്തിലേക്ക് ബംഗ്ലാദേശ് നീങ്ങുന്നു. മൂന്നാഴ്ചയ്ക്ക് അപ്പുറത്ത് ദക്ഷിണാഫ്രിക്കയെയും അട്ടിമറിച്ച് ബംഗ്ലാ കടുവകള്‍ അത്ഭുതം കാണിച്ചു.
ഒരു ടൂര്‍ണമെന്റ് വിജയമാണെന്നു പറയാന്‍ ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കുമൊക്കെ കപ്പ് നേടണമെങ്കില്‍, ബംഗ്ലാദേശിന് അതു വേണ്ടിയിരുന്നില്ല. രണ്ട് അതികായരെ അട്ടിമറിച്ച്, ടൂര്‍ണമെന്റില്‍ മൂന്നു വിജയങ്ങള്‍ നേടിയതു തന്നെ അന്നത്തെ പച്ചക്കുപ്പായക്കാര്‍ക്ക് ധാരാളമായിരുന്നു. ഒപ്പം, ഷാക്കിബ്, റഹീം, തമീം എന്നീ മൂന്നു പ്രതിഭകളെ സൃഷ്ടിക്കാനും അവര്‍ക്കായി. ഇവര്‍ക്കൊപ്പം മൊര്‍ത്താസയും തന്റേതായ സ്ഥാനം ടീമിലുറപ്പിച്ച ദിവസങ്ങളായിരുന്നു അത്.
ഈ നാലു ചെറുപ്പക്കാരും ഇക്കഴിഞ്ഞ 12 വര്‍ഷത്തിനിടെ ബംഗ്ലാദേശ് ക്രിക്കറ്റിനെ കൈപിടിച്ചുയര്‍ത്തിയത് അപ്രവചീനയതയിലേക്കാണ്. ഏതു സമയവും ഏത് ടൂര്‍ണമെന്റിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കാനും ഏതു വമ്പനെയും വീഴ്ത്താനും കെല്‍പ്പുള്ള ടീമായി അവര്‍ ബംഗ്ലാദേശിനെ മാറ്റി.
പിന്നീടിങ്ങോട്ട് ഈ നാല്‍വര്‍ സംഘത്തെ ആശ്രയിച്ചായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് നിലനിന്നത്. എന്നാല്‍ ഓരോ മത്സരത്തിലും തങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നതു നല്‍കാന്‍ ഏറെക്കുറേ ഇവര്‍ക്കായി. ഇതിനിടയ്ക്ക് ബംഗ്ലാദേശ് ക്രിക്കറ്റിനെ ഒറ്റയ്ക്കു കൈപിടിച്ചുനടന്ന മുഹമ്മദ് അഷ്‌റഫുള്‍ ഫോം ഔട്ടായി. ഇമ്രുള്‍ കയേസും അബ്ദുര്‍ റസാഖും നയീം ഇസ്‌ലാമുമൊക്കെ ഇടയ്ക്കു കയറിവന്ന് ഒരു പൊട്ടിത്തെറി നല്‍കി മടങ്ങി. അപ്പോഴും ഈ നാല്‍വര്‍ സംഘം അവിടെയൊക്കെത്തന്നെയുണ്ടായിരുന്നു.
സീനിയേഴ്‌സ് എന്ന പ്രയോഗത്തിന്റെ എല്ലാ അര്‍ഥവും ഉള്‍ക്കൊണ്ടായിരുന്നു ഇക്കാലമത്രയും അവര്‍ ടീമില്‍ നിലനിന്നത്. ക്രമേണ അവര്‍ ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ഹൃദയമായി മാറി. ഇവരിലൊരാള്‍ക്കു പരിക്കേറ്റു മാറിനില്‍ക്കേണ്ടി വന്നപ്പോള്‍ പോലും ആ അസാന്നിധ്യം ബംഗ്ലാദേശിനെ ബാധിച്ചു. അതിനിടെ ഷാക്കിബും റഹീമും ബംഗ്ലാദേശിനെ മാറിമാറി നയിച്ചു. ഇപ്പോള്‍ ഇതാ മൊര്‍ത്താസയും.
ദക്ഷിണാഫ്രിക്കയ്ക്ക് 12 വര്‍ഷത്തിനു ശേഷം ഇത്തവണയും ബംഗ്ലാദേശിനു മുന്നില്‍ അടിപതറി, ഓവലില്‍. മത്സരത്തില്‍ ഷാക്കിബും റഹീമും അതേ പ്രകടനം തന്നെ കാഴ്ചവെച്ചു. മൊര്‍ത്താസ നയിച്ചു. തമീം ഇഖ്ബാല്‍ മാത്രമാണു നിറംമങ്ങിയത്. 2007, 2011, 2015, 2019.. നാലുതവണ ഒന്നിച്ച് ലോകകപ്പില്‍ കളിച്ചതിന്റെ അനുഭവസമ്പത്താണ് തങ്ങള്‍ക്കു ഗുണമായതെന്നു മത്സരശേഷം ഷാക്കിബ് പറഞ്ഞു. ‘2007-ല്‍ ഞങ്ങള്‍ നടത്തിയ പ്രകടനം മതിയായിരുന്നു കാണികളെ തൃപ്തിപ്പെടുത്താന്‍. ഇന്നത് അങ്ങനെയല്ല. അവര്‍ക്കു ഞങ്ങള്‍ ആരോടു തോല്‍ക്കുന്നതും സഹിക്കില്ല. അതാണ് ഇക്കാലത്തിനിടയില്‍ ഞങ്ങളിലുണ്ടായ പ്രതീക്ഷ.’- ഷാക്കിബ് ഇങ്ങനെ പറയുന്നത് ബംഗ്ലാദേശ് ക്രിക്കറ്റിന്റെ വളര്‍ച്ച കൂടി അടയാളപ്പെടുത്തലാണ്. ഈ താരങ്ങള്‍ എവിടെയെത്തിയെന്നും ഈ ടീം എവിടെ നില്‍ക്കുന്നുവെന്നും അതില്‍ നിന്നറിയാം.
ലോകകപ്പ് ചരിത്രത്തില്‍ ബംഗ്ലാദേശ് നേടിയ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ് ഇന്നലെ ഓവലില്‍ പിറന്നത്. ഷാക്കിബും റഹീമും മൂന്നാം വിക്കറ്റില്‍ ചേര്‍ത്ത 142 റണ്‍സ്. ഷാക്കിബിനും റഹീമിനും ഈ 12 വര്‍ഷത്തെ കൂട്ടുകെട്ടിന്റെ കഥ മാത്രമല്ല പറയാനുള്ളത് എന്നതാണു ശ്രദ്ധേയം. അണ്ടര്‍ 15 കാലം മുതല്‍ക്ക് ഇരുവരും ഒന്നിച്ചായിരുന്നു കളിച്ചിരുന്നത്. അന്നുമുതല്‍ മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ മാറിമാറി ഇരുവരും കളിച്ചു. ചിലപ്പോഴൊക്കെ ഷാക്കിബിനു ശേഷമാകും റഹീം വരിക. ചിലപ്പോള്‍ റഹീമിനു ശേഷം ഷാക്കിബും. പക്ഷേ അത് സ്‌കോര്‍ബോര്‍ഡില്‍ അടുത്തടുത്തായിത്തന്നെയായിരിക്കും. ദേശീയ ടീമില്‍ ഇടംപിടിച്ചപ്പോഴും ആ പ്രവണതയ്ക്കു മാറ്റമുണ്ടായില്ല. ഇന്നലെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിക്കാന്‍ ഇരുവരുമെത്തിയതും അങ്ങനെതന്നെ.
അതിനിടെ ഷാക്കിബ് ഒരു നാഴികക്കല്ലും പിന്നിട്ടു. ഏകദിനത്തില്‍ ഏറ്റവും വേഗം അയ്യായിരം റണ്‍സും 250 വിക്കറ്റും പിന്നിടുന്ന താരം. 199 മത്സരങ്ങളില്‍ നിന്നായിരുന്നു ഈ നേട്ടം. ഈ നാഴികക്കല്ലിനു മറ്റെന്തിനേക്കാളും മധുരം കൂടും. ഇമ്രാന്‍ ഖാനെയും ജാക്ക് കാലിസിനെയും പോലുള്ള ഓള്‍റൗണ്ട് പ്രതിഭകള്‍ വാണിരുന്നിടത്താണ് ആദ്യ പത്തില്‍പ്പോലും ഐ.സി.സി പട്ടികയില്‍ സ്ഥാനം പിടിക്കാന്‍ കാത്തുകെട്ടിക്കിടന്ന ഒരു ടീമില്‍ നിന്ന് ഒരു താരം ഈ നേട്ടം കൈവരിക്കുന്നത്.
സ്വന്തം മണ്ണില്‍ മാത്രം അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന താരങ്ങള്‍ വാഴ്ത്തപ്പെടുന്ന കാലത്ത്, ചിറ്റഗോങ്ങിലും ധാക്കയിലും മാത്രമല്ല, ഓവലിലും ജൊഹാനസ്ബര്‍ഗിലും മുംബൈയിലുമൊക്കെ ഒരേ നിലവാരം പ്രകടിപ്പിക്കുന്ന ഷാക്കിബിനെപ്പോലുള്ളവര്‍ ചര്‍ച്ച ചെയ്യപ്പെടണം.
35-ാം വയസ്സിലും മൊര്‍ത്താസ പ്രകടിപ്പിക്കുന്ന ഊര്‍ജസ്വലത 30 കഴിഞ്ഞ് വിരമിക്കലിനെക്കുറിച്ച് ആലോചിക്കുന്ന ഓരോ താരങ്ങളും കണ്ടുപഠിക്കേണ്ടതാണ്. ഇന്നലെ ഓവലില്‍ ഓരോ നിമിഷവും ഫീല്‍ഡര്‍മാരെ ഉപദേശിച്ചും ശകാരിച്ചും കളിക്കളത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു ഈ ക്യാപ്റ്റന്‍. ഇക്കാലത്തിനിടയില്‍ ഒട്ടേറെത്തവണ പരിക്കിന്റെ പിടിയലകപ്പെട്ടപ്പോഴും കരിയര്‍ തീര്‍ന്നെന്നു ഓര്‍മിപ്പിച്ചവരെ നിശ്ശബ്ദരാക്കിയാണ് മൊര്‍ത്താസ തിരികെവന്നിട്ടുള്ളത്. ഇപ്പോഴും അതങ്ങനെയൊക്കെത്തന്നെ.
എന്നാല്‍ നാലു കൊല്ലത്തിനപ്പുറം ഇനിയൊരു ലോകകപ്പ് സ്വപ്‌നം കാണാനില്ലാത്ത ഒരു മനുഷ്യനടങ്ങുന്ന ആ സീനിയര്‍ നാല്‍വര്‍ സംഘത്തിന് ആദരവ് പ്രകടിപ്പിക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റിലെ പുതുതലമുറയ്ക്ക് ഒരൊറ്റ കാര്യം മാത്രമേ ചെയ്യാനാകൂ. ഇംഗ്ലീഷ് മണ്ണിലെ ലോകകപ്പ് ധാക്കയിലേക്ക് കൊണ്ടുപോവുക.
ഷാക്കിബ് പറഞ്ഞതുപോലെ- ‘ബംഗ്ലാദേശ് മികച്ച ഒരു ടീമാണെന്നു പറയാനാണു ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പക്ഷേ മറ്റുള്ളവര്‍ അതത്ര കാര്യമായി എടുക്കുന്നില്ല. ഈ കാഴ്ചപ്പാട് തന്നെ അനുകൂലമാക്കിയെടുക്കാനാണു ഞങ്ങള്‍ ശ്രമിക്കുന്നത്.’ ശരിയാണ്. മുന്‍വിധികളോടു കൂടി ബംഗ്ലാദേശിനെ സമീപിച്ചവരൊക്കെയും തല താഴ്ത്തിയേ മടങ്ങിയിട്ടുള്ളൂ. ദ്രാവിഡും ഗ്രേം സ്മിത്തുമൊക്കെ ആ മുന്‍വിധികളുടെ രക്തസാക്ഷികളാണ്.