| Sunday, 2nd June 2019, 11:14 pm

ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ബംഗ്ലാ കടുവകള്‍ തുടങ്ങി; റെക്കോഡ് നേട്ടവുമായി ഷാക്കിബ് അല്‍ ഹസന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: ഒന്നുറപ്പിക്കാം. ഈ ലോകകപ്പില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവര്‍ മൊര്‍ത്താസയുടെ ഈ ചുണക്കുട്ടികള്‍ തന്നെ. ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ത്തന്നെ തങ്ങളുടെ റെക്കോഡ് സ്‌കോര്‍ നേടിയ ബംഗ്ലാദേശ്, കരുത്തരായ ദക്ഷിണാഫ്രിക്കയെ 21 റണ്‍സിനു പരാജയപ്പെടുത്തിയാണു വരവറിയിച്ചത്. എന്നാല്‍ ലോകകപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ട ദക്ഷിണാഫ്രിക്ക ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട് നില പരുങ്ങലിലാക്കി.

തങ്ങളുയര്‍ത്തിയ 331 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീഴ്ത്തിയ ബംഗ്ലാദേശ് കളിയുടെ സമസ്ത മേഖലകളിലും മികച്ച നിലവാരം പുലര്‍ത്തി. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് (62) നേടിയ അര്‍ധസെഞ്ച്വറിയും, ജീന്‍ പോള്‍ ഡുമിനി (37 പന്തില്‍ 45), റാസി വാന്‍ഡര്‍ ഡസ്സന്‍ (41) എന്നിവര്‍ അവസാനം നടത്തിയ ചെറുത്തുനില്‍പ്പുകളുമാണ് ദക്ഷിണാഫ്രിക്കയെ 300 കടത്തിയത്.

അതേസമയം 10 ഓവറില്‍ 67 റണ്‍സ് വിട്ടുനല്‍കിയെങ്കിലും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇടംകൈയന്‍ പേസ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന്‍, രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സെയ്ഫുദ്ദീന്‍, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഷാക്കിബ് അല്‍ ഹസന്‍, മെഹിദി ഹസന്‍ എന്നിവര്‍ ബംഗ്ലാദേശിനായി തിളങ്ങി.

ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച ഷാക്കിബാണ് മാന്‍ ഓഫ് ദ മാച്ച്. അതിനിടെ അയ്യായിരം റണ്‍സും 250 വിക്കറ്റും അതിവേഗം സ്വന്തമാക്കുന്ന താരമായി ഈ ഇടംകൈയന്‍ മാറി. 199 മത്സരങ്ങളില്‍ നിന്നാണ് ഷാക്കിബ് ഈ നേട്ടം കൈവരിച്ചത്.

നേരത്തേ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഈ തീരുമാനം മുതലിങ്ങോട്ട് എല്ലാം പാളുന്നതായിരുന്നു ദക്ഷിണാഫ്രിക്കന്‍ ആരാധകര്‍ കണ്ടത്. മുഷ്ഫിഖുര്‍ റഹിം (78), ഷാക്കിബ് അല്‍ ഹസന്‍ (75), മഹ്മുദ്ദുള്ള (46), സൗമ്യ സര്‍ക്കാര്‍ (42) എന്നിവരാണ് ബംഗ്ലാദേശിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്. മൂന്നാം വിക്കറ്റില്‍ ഷാക്കിബും റഹിമും ചേര്‍ന്ന് 142 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.

ഓപ്പണിങ്ങില്‍ ബംഗ്ലാദേശിന്റെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ തമീം ഇഖ്ബാല്‍ (16) പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും പിന്നീട് വന്ന ഷാക്കിബും ഓപ്പണര്‍ സൗമ്യ സര്‍ക്കാരും കൂടി ടീമിന് മികച്ച അടിത്തറയുണ്ടാക്കി. ഷാക്കിബ് മെല്ലെയാണു തുടങ്ങിയതെങ്കില്‍ സൗമ്യ റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമമാണു നടത്തിയത്. 30 പന്തില്‍ ഒമ്പത് ഫോറുകളുടെ സഹായത്തോടെയാണ് സൗമ്യ 42 റണ്‍സ് നേടിയത്.

സൗമ്യ പുറത്തായതിനുശേഷം വന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഷ്ഫിഖുര്‍ റഹീം ഷാക്കിബിനു മികച്ച പിന്തുണ നല്‍കിയപ്പോള്‍ സ്‌കോര്‍നിരക്ക് സ്ഥിരത കൈവരിച്ചു. ഷാക്കിബ് 84 പന്തില്‍ എട്ട് ഫോറിന്റെയും ഒരു സിക്സറിന്റെയും സഹായത്തോടെയാണ് 75 റണ്‍സെടുത്തതെങ്കില്‍, റഹിം എട്ട് ഫോറിന്റെ സഹായത്തോടെയാണ് 80 പന്തില്‍ 78 റണ്‍സെടുത്തത്.

ഇരുവരും പുറത്തായെങ്കിലും ബംഗ്ലകള്‍ വീണില്ല. 21 പന്തില്‍ 21 റണ്‍സ് നേടിയ മുഹമ്മദ് മിഥുന്‍, 33 പന്തില്‍ 46 റണ്‍സ് നേടിയ മഹ്മുദുള്ള, 20 പന്തില്‍ 26 റണ്‍സ് നേടിയ മൊസാദെക് ഹൊസെയ്ന്‍ എന്നിവര്‍ ചേര്‍ന്ന് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും മികച്ച സ്‌കോറിലേക്ക് ടീമിനെ നയിച്ചു.

തന്റെ 100-ാം ഏകദിനം കളിക്കുന്ന ഇമ്രാന്‍ താഹിര്‍, ആന്‍ഡിലെ പെഹ്ലുക്വായോ, ക്രിസ് മോറിസ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

2015-ല്‍ പാകിസ്താനെതിരേ ധാക്കയില്‍ നേടിയ 329 റണ്‍സായിരുന്നു ബംഗ്ലാദേശിന്റെ ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍. ലോകകപ്പിലാകട്ടെ, അതേവര്‍ഷം നെല്‍സണില്‍ ദുര്‍ബലരായ സ്‌കോട്ട്ലന്‍ഡിനെതിരേ നേടിയ 322 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.

104 റണ്‍സിനായിരുന്നു ആദ്യ മത്സരത്തില്‍ ഇയാന്‍ മോര്‍ഗന്റെ ടീമിനോട് ഫാഫ് ഡുപ്ലെസിസിന്റെ ടീം തോല്‍വി ഏറ്റുവാങ്ങിയത്. അന്നും മുന്നൂറിനപ്പുറം ആദ്യ ഇന്നിങ്സില്‍ വഴങ്ങിയ ടീം മറുപടി ബാറ്റിങ്ങില്‍ 207 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ആദ്യമായാണ് ഒരു ലോകകപ്പിന്റെ ആദ്യ രണ്ടു മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക തോല്‍വി ഏറ്റുവാങ്ങുന്നത്.

We use cookies to give you the best possible experience. Learn more