ന്യൂദല്‍ഹി: ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജി.ഡി.പി 10.3 ശതമാനം കുറയുമെന്നും ആളോഹരി വരുമാനത്തില്‍ ബംഗ്ലാദേശിനേക്കാള്‍ താഴെയാകും ഇന്ത്യയുടെ സ്ഥാനമെന്നും ഐ.എം.എഫ് വിലയിരുത്തല്‍.
കൊവിഡും തുടര്‍ന്നുണ്ടായ ലോക്ഡൗണും മൂലം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ 10.3 ശതമാനത്തിന്റെ ഇടിവുണ്ടായെന്നാണ് ഐ.എം.എഫ് വ്യക്തമാക്കിയിരിക്കുന്നത്. വികസ്വര രാജ്യങ്ങളില്‍ ഏറ്റവും വലിയ തകര്‍ച്ചയെ അഭിമുഖീകരിക്കുക ഇന്ത്യയാവുമെന്നും സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് രാജ്യം കൂപ്പുകുത്തുമെന്നും ഐ.എം.എഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സമ്പദ്‌വ്യവസ്ഥയിലുണ്ടായ കുത്തനെയുള്ള ഇടിവിനെ തുടര്‍ന്നാണ് പ്രതിശീര്‍ഷ ജി.ഡി.പിയില്‍ ബംഗ്ലാദേശിന് താഴെയായി ഇന്ത്യ എത്തിയത്.
ഐ.എം.എഫ് കണക്ക് പ്രകാരം ബംഗ്ലാദേശ് ജി.ഡി.പി ഡോളറിന്റെ അടിസ്ഥാനത്തില്‍ 4 ശതമാനം വര്‍ദ്ധിപ്പിച്ച് 1,888 ഡോളറായി ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, ഇന്ത്യയുടെ പ്രതിശീര്‍ഷ ജി.ഡി.പി 10.5 ശതമാനം ഇടിഞ്ഞ് 1,877 ഡോളറിലെത്തി. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.
ഈ കണക്കുപ്രകാരം ദക്ഷിണേഷ്യയിലെ മൂന്നാമത്തെ ദരിദ്ര രാജ്യമായി ഇന്ത്യ മാറും. പാകിസ്താനും നേപ്പാളും മാത്രമാണ് പ്രതിശീര്‍ഷ ജി.ഡി.പിയില്‍ ഇന്ത്യയ്ക്ക് താഴെയുള്ളത്. ഭൂട്ടാന്‍, ബംഗ്ലാദേശ്, മാലിദ്വീപ്, ശ്രീലങ്ക എന്നീ സംസ്ഥാനങ്ങള്‍ ഇന്ത്യയെ മറികടക്കും.
കഴിഞ്ഞ അഞ്ചു വര്‍ഷം ഇന്ത്യയുടെ ആളോഹരി വരുമാനം പ്രതിവര്‍ഷം 3.2 ശതമാനം നിരക്കില്‍ മാത്രമേ കൂടിയുള്ളൂ. ബംഗ്ലാദേശിന്റേത് 9.1 ശതമാനം നിരക്കില്‍ വര്‍ധിച്ചു. റിസര്‍വ് ബാങ്ക് പറഞ്ഞതിലും മോശമാകും ഇന്ത്യയുടെ ഇക്കൊല്ലത്തെ വളര്‍ച്ചയെന്നും ഐ.എം.എഫ് പറഞ്ഞു.
2020 നും അതിനുശേഷവുവുമുള്ള പാകിസ്ഥാന്റെ വിവരങ്ങള്‍ ഐ.എം.എഫ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നേപ്പാളും ഭൂട്ടാനും താരതമ്യേന ഈ വര്‍ഷം തങ്ങളുടെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തിയതായി ഐ.എം.എഫ് പറഞ്ഞു.
അതേസമയം അടുത്ത വര്‍ഷം ഇന്ത്യ സാമ്പത്തികഭദ്രത വീണ്ടെടുക്കുമെന്നാണ് ഐ.എം.എഫ് പ്രവചിക്കുന്നത് രാജ്യത്തിന്റെ ആളോഹരി ജിഡിപി ബംഗ്ലാദേശിനൊപ്പമോ അതിന് മീതെയോ എത്തിയേക്കാമെന്നാണ് ഐ.എം.എഫ് പറയുന്നത്.
ഡോളറിന്റെ കണക്കനുസരിച്ച് ഇന്ത്യയുടെ പ്രതിശീര്‍ഷ ജി.ഡി.പി 2021 ല്‍ 8.2 ശതമാനം ഉയരാന്‍ സാധ്യതയുണ്ട്. ബംഗ്ലാദേശില്‍ 5.4 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു.
ഇതുപ്രകാരം ഇന്ത്യയുടെ പ്രതിശീര്‍ഷ ജി.ഡി.പി അടുത്ത വര്‍ഷം 2,030 ഡോളറായി ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്. ഇന്ത്യയുടെ പ്രതിശീര്‍ഷ ജി.ഡി.പി അഞ്ച് വര്‍ഷം മുമ്പ് വരെ ബംഗ്ലാദേശിനേക്കാള്‍ 40 ശതമാനം കൂടുതലായിരുന്നു.
അതിവേഗം വളരുന്ന കയറ്റുമതി മേഖലയും രാജ്യത്തിന്റെ സമ്പാദ്യത്തിലും നിക്ഷേപ നിരക്കിലും ഉണ്ടായ സ്ഥിരമായ വളര്‍ച്ചയുമാണ് ബംഗ്ലാദേശിന്റെ സാമ്പത്തിക വളര്‍ച്ചയെ പിന്തുണച്ചത്.
നേരെമറിച്ച്, ഇന്ത്യയുടെ കയറ്റുമതി സമീപ വര്‍ഷങ്ങളില്‍ കുറഞ്ഞുവരികയാണ്, അതേസമയം സമ്പാദ്യവും നിക്ഷേപവും കുറഞ്ഞു.
കൊവിഡിന് മുമ്പ് തന്നെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലായിരുന്നു. കൊവിഡും തുടര്‍ന്ന് ലോക്ഡൗണും വന്നതോടെ രാജ്യം വലിയ പ്രതിസന്ധിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് ഐ.എം.എഫ് അറിയിക്കുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജി.ഡി.പിയില്‍ 10.3 ശതമാനത്തിന്റെ കുറവാണുണ്ടാകുക. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ തകര്‍ച്ചയാണ് ഇതെന്നും ഐ.എം.എഫ് അറിയിച്ചു.
ഐ.എം.എഫിന്റെ പ്രവചനമനുസരിച്ച് വികസ്വര രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടാകുക ഇന്ത്യക്കാകും. ബ്രസീല്‍-5.8, റഷ്യ-4.4, ദക്ഷിണാഫ്രിക്ക-8.0 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളില്‍ പ്രതീക്ഷിക്കുന്ന ഇടിവ്. അതേസമയം, ചൈനീസ് സമ്പദ്‌വ്യവസ്ഥ 1.9 ശതമാനം നിരക്കില്‍ വളരുമെന്നും ഐ.എം.എഫ് പ്രവചിക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക