ഓഗസ്റ്റ് 15 ; ബംഗ്ലാദേശ് സ്ഥാപകൻ മുജീബുർ റഹ്‌മാന്റെ അനുസ്മരണ ദിനത്തിലെ അവധി നിർത്തലാക്കി ബംഗ്ലാദേശ് ഇടക്കാല സർക്കാർ
World News
ഓഗസ്റ്റ് 15 ; ബംഗ്ലാദേശ് സ്ഥാപകൻ മുജീബുർ റഹ്‌മാന്റെ അനുസ്മരണ ദിനത്തിലെ അവധി നിർത്തലാക്കി ബംഗ്ലാദേശ് ഇടക്കാല സർക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th August 2024, 4:12 pm

ധാക്ക: ബംഗ്ലാദേശിന്റെ സ്ഥാപകനും മുൻ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ കൊലപാതകത്തെ അനുസ്മരിക്കുന്ന ഓഗസ്റ്റ് 15 ദേശീയ അവധി റദ്ദാക്കി ഇടക്കാല സർക്കാർ. ദേശീയ അവധി റദ്ദാക്കാനുള്ള തീരുമാനം ഉപദേശക സമിതി യോഗത്തിൽ അംഗീകരിച്ചതായി ചീഫ് അഡ്‌വൈസറുടെ ഓഫിസിൽ നിന്ന് റിപ്പോർട്ട് പുറത്ത് വന്നു.

ചൊവ്വാഴ്ച ധാക്കയിലെ ജമുന ഗവൺമെൻ്റ് ഗസ്റ്റ് ഹൗസിൽ ചേർന്ന ഇടക്കാല സർക്കാരിൻ്റെ ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം അംഗീകരിച്ചത്. ഹസീനയുടെ അവാമി ലീഗ് ഉൾപ്പെടെ നിരവധി പാർട്ടികൾ യോഗത്തിൽ പങ്കെടുത്തു. ഓഗസ്റ്റ് 15ലെ അവധി റദ്ദാക്കാനുള്ള ഇടക്കാല സർക്കാരിൻ്റെ തീരുമാനത്തെ പാർട്ടികൾ പിന്തുണച്ചു. എന്നാൽ ഔദ്യോഗിക ഉത്തരവ് ഇതുവരെ പുറത്തുവന്നിട്ടില്ല.

 

ഭരണകൂടത്തിനെതിരായ പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രി പദം രാജി വെച്ച് പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് മുജീബുർ റഹ്മാൻ. 1975 ഓഗസ്റ്റ് 15ന് ബംഗ്ലാദേശ് സൈന്യത്തിലെ ജൂനിയർ ഓഫീസർമാർ അട്ടിമറി നടത്തിയതിന് ശേഷം റഹ്മാനും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു.

ഹസീന രാജി വെച്ച് പലായനം ചെയ്തതിന് പിന്നാലെ രോഷാകുലരായ ജനക്കൂട്ടം ഷെയ്ഖ് മുജെബീർ റഹ്‌മാന്റെ പ്രതിമ തകർക്കുകയും അദ്ദേഹത്തിനായി സമർപ്പിച്ചിരുന്ന മ്യൂസിയം കത്തിക്കുകയും ചെയ്തിരുന്നു.

 

ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്‌തതിന്‌ ശേഷമുള്ള തന്റെ പരസ്യ പ്രസ്താവനയിൽ ഓഗസ്റ്റ് 15 ദേശീയ ദുഃഖാചരണമായി ആചരിക്കുന്നത് തുടരണമെന്ന് ഷെയ്ഖ് ഹസീന ജനങ്ങളോട് അഭ്യർത്ഥിച്ചു. മകന്റെ എക്സ് അക്കൗണ്ടിലൂടെയായിരുന്നു ഹസീന പരസ്യ പ്രസ്താവന നടത്തിയത്.

‘എന്നെപ്പോലുള്ളവരോട് എനിക്ക് സഹതാപം തോന്നുന്നു, അടുത്തവരും പ്രിയപ്പെട്ടവരും നഷ്ടപ്പെടുന്നതിൻ്റെ വേദനയോടെയാണ് ഞങ്ങൾ ജീവിക്കുന്നത്. ഈ കൊലപാതകങ്ങളിലും ഭീകരപ്രവർത്തനങ്ങളിലും ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിന് ശരിയായ അന്വേഷണം നടത്തണമെന്നും അവർക്ക് ഉചിതമായ ശിക്ഷ നൽകണമെന്നും ഞാൻ ആവശ്യപ്പെടുന്നു. ആഗസ്റ്റ് 15ന് ദേശീയ ദുഃഖാചരണം മാന്യതയോടെയും ആദരവോടെയും ആചരിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,’ അവർ പറഞ്ഞു.

 

ബംഗബന്ധു അല്ലെങ്കിൽ ബംഗാളിൻ്റെ സുഹൃത്ത് എന്ന് ആദരപൂർവമായിരുന്നു ഷെയ്ഖ് മുജിബുർ റഹ്മാൻ അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തെ ബംഗ്ലാദേശിൻ്റെ സ്വാതന്ത്ര്യ ശില്പിയായാണ് കണ്ടിരുന്നത്. 1975 ആഗസ്ത് 15 ന് അദ്ദേഹത്തിൻ്റെ കുടുംബത്തിലെ ഭൂരിഭാഗം പേരുടെയും കൊലപാതകം രാജ്യത്തിൻ്റെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമായി അടയാളപ്പെടുത്തി.

1996 ൽ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് ഗവൺമെൻ്റ് അധികാരത്തിൽ വന്നതിന് ശേഷം ഈ ദിവസം ഔദ്യോഗികമായി ദേശീയ വിലാപ ദിനമായി അംഗീകരിച്ചു. 2001ൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും ജമാഅത്തെ ഇസ്‌ലാമി സഖ്യ സർക്കാരും ഈ അവധി ചുരുക്കി ഒഴിവാക്കിയെങ്കിലും 2008ലെ ഹൈക്കോടതി ഉത്തരവിലൂടെ അത് പുനർസ്ഥാപിക്കുകയുമായിരുന്നു.

 

 

 

 

Content Highlight: Bangladesh Scraps August 15 National Holiday that Marked Mujibur’s Assassination