ബംഗ്ലാദേശില്‍ ജമാഅത്ത് നേതാവിന്റെ വധശിക്ഷ ശരിവെച്ചു
Daily News
ബംഗ്ലാദേശില്‍ ജമാഅത്ത് നേതാവിന്റെ വധശിക്ഷ ശരിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th August 2016, 2:05 pm

 


വധശിക്ഷയ്‌ക്കെതിരെ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി നേതാവ് മിര്‍കാസിം അലി നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് സുരേന്ദ്രകുമാര്‍ സിന്‍ഹ അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്.


 
ധാക്ക:  വധശിക്ഷയ്‌ക്കെതിരെ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി നേതാവ് മിര്‍കാസിം അലി നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് സുരേന്ദ്രകുമാര്‍ സിന്‍ഹ അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. 1971ലെ ബംഗ്ലാദേശ് വിമോചന സമരവുമായി ബന്ധപ്പെട്ട യുദ്ധക്കുറ്റങ്ങളിലാണ് ശിക്ഷ.

മാധ്യമ സ്ഥാപനത്തിന്റെ ഉടമയും ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിക്ക് സാമ്പത്തിക സഹായം നല്‍കുന്ന പ്രമുഖരില്‍ ഒരാളുമായിരുന്നു 63കാരനായ മിര്‍ കാസിം അലി. വിമോചന സമരകാലത്ത് ചിറ്റഗോങ്ങില്‍ നിന്നും 7 പേരെ തട്ടിക്കൊണ്ടു പോകുകയും വധിക്കുകയും ചെയ്ത കേസില്‍ 2014 നവംബര്‍ 3നാണ് അലിക്ക് യുദ്ധകോടതി ശിക്ഷ വിധിച്ചിരുന്നത്. മറ്റു എട്ടു കേസുകളിലായി 72 വര്‍ഷം തടവും കോടതി വിധിച്ചിരുന്നു.

ബംഗ്ലാദേശില്‍ 2013ന് ശേഷം നാല് മുതിര്‍ന്ന ജമാഅത്ത് ഇസ്‌ലാമി നേതാക്കള്‍ അടക്കം അഞ്ച് പ്രതിപക്ഷ നേതാക്കളെ സുപ്രീംകോടതി ശിക്ഷ ശരിവെച്ചതോടെ തൂക്കിലേറ്റിയിരുന്നു. സുപ്രീംകോടതി ശിക്ഷ ശരിവെച്ച സാഹചര്യത്തില്‍ മിര്‍ കാസിമിന്റെ ശിക്ഷ ഏതു നിമിഷവും നടപ്പിലാക്കിയേക്കാം.

എന്നാല്‍ ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റിന് ദയാഹരജി നല്‍കാനാകുമെന്ന് അറ്റോര്‍ണി ജനറല്‍ മെഹ്ബൂബ ആലം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പാര്‍ട്ടിയുടെ കേന്ദ്ര നിര്‍വാഹക സമിതി അംഗം കൂടിയായ മിര്‍കാസിമിനെതിരായ വിധിയില്‍ ജമാഅത്തെ ഇസ്‌ലാമി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമായ ബംഗ്ലാദേശില്‍ ഭീകരാക്രമണമടക്കം തീവ്രവാദസംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ജമാഅത്ത് നേതാവിന്റെ വധശിക്ഷ ശരിവെക്കുന്നത്. അതേ സമയം പ്രതിപക്ഷ നേതാക്കളെ ഇല്ലാതാക്കാനുള്ള ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ നീക്കങ്ങളാണ് തുടരെ വധശിക്ഷ നടപ്പിലാക്കുന്നതെന്നാണ് ജമാഅത്ത് ആരോപിക്കുന്നത്.